mahesh

മാരൂർ : മുൻവൈരാഗ്യത്തിന്റെ പേരിൽ കെ. എസ്. ആർ. ടി. സി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെ ബൈക്കിൽ നിന്നും അടിച്ചു താഴെയിട്ടശേഷം വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറുമ്പകര കട്ടിയാംകുളം പുത്തൻ വീട്ടിൽ മഹേഷിനെ (34) യാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി വെട്ടേറ്റ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കുറുമ്പകര ശ്രീവിലാസത്തിൽ സാനു ബാബു (54), കട്ടിയാംകുളം വീട്ടിൽ രാജീവ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ സാനു ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും അവിടെനിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി അനന്തപുരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ശിവരാത്രിദിനമായ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പട്ടാറ മുക്കിൽവച്ചാണ് സംഭവം. രാജീവുമായിട്ടുള്ള മുൻവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത്. അടിച്ചു താഴെയിട്ടശേഷം വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പലകേസുകളിലും പ്രതിയായ മഹേഷിനെ ഏനാത്ത് എസ്. ഐ എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.