പത്തനംതിട്ട: റാന്നി അങ്ങാടി പേട്ട ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 6.30നുണ്ടായ സ്‌ഫോടനം പരിസരവാസികളെ ഞെട്ടിച്ചു. എന്താണ് സംഭവം എന്നറിയാതെ ആളുകൾ പരിഭ്രാന്തരായി നാലുപാടും ചിതറിയോടി. സോഷ്യൽ മീഡിയകളിൽ സ്‌ഫോടനം നടന്ന വിവരം വ്യാപകമായി പ്രചരിച്ചു. സംഭവമറിഞ്ഞ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതിന് സമീപം ഹോട്ടലിന് പിന്നിലായി തുറസായ സ്ഥലത്ത് കൂട്ടിയിട്ട ഹോട്ടൽ മാലിന്യത്തിൽ നിന്നുമാണ് മാരക ശബ്ദവും പൊട്ടിത്തെറിയുമുണ്ടായത്. സ്‌ഫോടനത്തിൽ ഹോട്ടലിന്റെ ജനൽ ചില്ലുകളും,സമീപത്തെ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഉഗ്രസ്‌ഫോടനമാണെങ്കിലും ബോംബ് പൊട്ടിയതിന്റെ അവശിഷ്ടങ്ങൾ ഒന്നും സ്‌ഫോടനം നടന്ന സ്ഥലത്ത് കാണാൻ കഴിഞ്ഞില്ല. വെടിമരുന്നോ മറ്റോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസ് നിഗനം. സംഭവമറിഞ്ഞ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ബോംബ്‌സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് റാന്നി പൊലീസ് അറിയിച്ചു.