റാന്നി: നാട്ടുകാരെ ആശങ്കയിലാഴ്ത്തി റാന്നിയിൽ വൻ സ്‌ഫോടനം. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അങ്ങാടി പേട്ട രാജധാനി ഹോട്ടലിന് പിൻവശത്ത് ഉഗ്രസ്‌ഫോടനം നടന്നത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതിന് സമീപം ഹോട്ടലിന് പിന്നിലായി തുറസായ സ്ഥലത്ത് കൂട്ടിയിട്ട ഹോട്ടൽ മാലിന്യത്തിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ ഹോട്ടലിന്റെ ജനാല ചില്ലിനും സമീപത്തെ മതിലിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. സംഭവമറിഞ്ഞ് റാന്നി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലം ബോംബ് സ്‌ക്വാഡ് പരിശോധിക്കുമെന്നും ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുമെന്നും റാന്നി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിൽ വ്യാജ സന്ദേശം പരന്നതും ജനങ്ങളിൽ ആശങ്കയുണർത്തി.