പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ അങ്കത്തട്ടിലേക്ക് വീണാജോർജ് എം.എൽ.എ ഇറങ്ങി. പൂഞ്ഞാറിൽ നിന്നുളള പി.സി.ജോർജും കച്ച മുറുക്കുന്നുണ്ട്. ഇനി അറിയേണ്ടത് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തേരാളികളെയാണ്. രണ്ടു, മൂന്നു ദിവസത്തിനുളളിൽ അതിലും തീരുമാനമായേക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വീണയുടെ പേര് പ്രഖ്യാപിച്ചയുടൻ പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രവർത്തകർ കളത്തിലിറങ്ങി. സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണയെ നഗരത്തിലേക്ക് സ്വീകരിച്ചാനയിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് കാൽനടയായി കൈകൾ കൂപ്പി നിറഞ്ഞ ചിരിയോടെ വീണാ ജോർജ് പ്രവർത്തകർക്കൊപ്പം നഗരത്തിലേക്ക് നടന്നു. ജനറൽ ആശുപത്രി ജംഗ്ഷനിലും സെൻട്രൽ ജംഗ്ഷിലും ആളുകളെ കണ്ട് സഹായം അഭ്യർത്ഥിച്ചു. സെൻട്രൽ ജംഗ്ഷനിൽ ചുവപ്പുമാലയണിയിച്ച് വിദ്യാർത്ഥികൾ സ്വീകരിച്ചു. അവർ വീണയ്ക്കൊപ്പം നിന്ന് സെൽഫിയെടുത്ത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തു. വ്യാപാര സ്ഥാപനങ്ങളിലെത്തി വീണാ ജോർജ് പരിചയം പുതുക്കി.

സി.പി.എം ഏരിയ സെക്രട്ടറി ഡി.സജികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഒാമല്ലൂർ ശങ്കരൻ, സക്കീർ ഹുസൈൻ തുടങ്ങിയവരും വീണയ്ക്കൊപ്പമുണ്ടായിരുന്നു.

പത്തനംതിട്ടയിൽ നിന്ന് പൊൻകുന്നത്തേക്കാണ് വീണാജോർജ് പോയത്. പൂഞ്ഞാറിലും കാഞ്ഞിരപ്പളളിയിലും പുതുമുഖ സ്ഥാനാർത്ഥിയായി എത്തിയ വീണ ഒാട്ട പ്രദക്ഷിണം നടത്തി. ഇന്നും നാളെയും പൂഞ്ഞാറിൽ തന്നെയാണ് പ്രചാരണം. വിവിധ ബൂത്ത് കേന്ദ്രങ്ങളിൽ വീണാജോർജിന്റെ ചുവരെഴുത്തും ഫ്ളെക്സും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.