പത്തനംതിട്ട: '' പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് പിടിച്ചെടുക്കും '' - പോരാളിയുടെ കരുത്ത് നിറഞ്ഞ വാക്കുകളാണ് വീണാജോർജിന്റേത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീണാജോർജ് കളത്തിലിറങ്ങുന്നത്. എതിരാളികളായി ആരു വന്നാലും ഭയമില്ലെന്ന് വീണാ ജോർജ് പറയുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കേരളകൗമുദിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:
? പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിരുന്നോ.
...(ചിരിച്ചുകൊണ്ട്) പാർട്ടിയേൽപ്പിക്കുന്ന ദൗത്യമല്ലേ. പൂർണ മനസോടെ സ്വീകരിക്കുന്നു.
? ആറൻമുളയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കമായിരുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങൾ അടങ്ങിയ വലിയ ക്യാൻവാസിലേക്കാണ് പോരാട്ടത്തിനിറങ്ങുന്നത്.
...പാർട്ടി നൽകുന്ന പിന്തുണയാണ് എന്റെ ശക്തി. പാർലമെന്റ് മണ്ഡലത്തിലെ പോരാട്ടം ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുന്നു. പൊൻകുന്നത്ത് ആദ്യമായാണ് സ്ഥാനാർത്ഥിയായി എത്തുന്നത്. സ്ത്രീകളുൾപ്പെടെ വലിയ ആൾക്കൂട്ടമാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ജനങ്ങളുടെ ചിന്താഗതിയിൽ വലിയ മാറ്റം പ്രകടമാണ്.
? എന്തെല്ലാം കാര്യങ്ങളാണ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടാൻ പോകുന്നത്.
....വികസനമാണ് വലിയ വിഷയം. വിശാലമായ മണ്ഡലത്തിൽ പത്തു വർഷം കിട്ടിയിട്ട് നിലവിലെ എം.പി എന്തു ചെയ്തുവെന്നാണ് എടുത്തു ചോദിക്കാനുളളത്. തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് നോക്കൂ. പത്ത് വർഷം ഒരു എം.പിക്ക് കിട്ടിയിട്ടും റെയിൽവേ സ്റ്റേഷനിൽ വികസനമെത്തിയില്ല. ചെറുപ്പക്കാർക്ക് എത്ര തൊഴിൽ നേടിക്കൊടുക്കാൻ കഴിഞ്ഞു? . സംസ്ഥാന സർക്കാരിന്റെ രണ്ടേമുക്കാൽ വർഷത്തിനുളളിൽ പത്തനംതിട്ട ജില്ലയിൽ മാത്രം രണ്ടായിരം കോടിയുടെ വികസനം നടപ്പാക്കി. ആറൻമുള മണ്ഡലത്തിൽ കോഴഞ്ചേരി പാലം, ജനറൽ ആശുപത്രി വികസനം, നിരവധി റോഡുകളുടെ നിർമാണം, പ്രളയം നാശം വരുത്തിയ മേഖലയിലെ പുനർനിർമാണം, മണ്ഡലം സമ്പൂർണ വൈദ്യുതീകരണം, 1000 ഹെക്ടറിലേറെ തരിശുഭൂമി വീണ്ടും കതിരണിയിച്ച പ്രവർത്തനങ്ങൾ, വരട്ടാർ വീണ്ടെടുക്കൽ...ഇങ്ങനെ നിരവധി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.
? ശബരിമല വിഷയം ബാധിക്കുമോ.
വികസനകാര്യത്തിൽ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയം ഉന്നയിക്കുന്നത്. ഒരു ജനപ്രതിനിധിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് മണ്ഡലത്തിലെ വികസനമാണ്. പത്തനംതിട്ട ജില്ലയ്ക്കുവേണ്ടി എൽ.ഡി.എഫ് സർക്കാർ മൂന്നു വർഷത്തിനുളളിൽ ചെയ്തതും പത്തനംതിട്ട എം.പി പത്തു വർഷത്തിനുളളിൽ ചെയ്ത കാര്യങ്ങളും ജനങ്ങൾ വിലയിരുത്തും.