പന്തളം: ഉത്സവ സ്ഥലത്തുനിന്ന് തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെ ആന വിരണ്ടോടി മതിലും കാറും തകർത്തു. മൂന്നുമണിക്കൂറിന് ശേഷം റോഡരികിലെ റബ്ബർതോട്ടത്തിൽ തളച്ചു. വെണ്മണി കോയിപ്പുറത്ത് ഗോപാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വെണ്മണി നീലകണ്ഠൻ എന്ന കൊമ്പനാണ് നരിയാപുരം മുതൽ തുമ്പമൺ മുട്ടം വരെ വിരണ്ടോടിയത്. വഴിയിൽ കുറുകെ ചാടിയ പട്ടിയെക്കണ്ട് ആന വിരളുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.
ആനയുടെ മാനേജർ അഖിലും പാപ്പാന്മാരും പിൻതുടർന്നു. നരിയാപുരം ഭാഗത്തുനിന്ന് കല്ലുപാലം റോഡിലേക്ക് തിരിഞ്ഞ ആന പെരുമ്പ്രാൽ വടക്കേതിൽ അഖിലിന്റെ കാറും വൈദ്യുതി പോസ്റ്റും ഇടമാലി ജ്യോതിഭവനിൽ യശോധരന്റെ വീടിന്റെ മതിലും തകർത്തു.
വീണ്ടും പന്തളം റോഡിലെത്തിയ ആന കെ.എസ്.ആർ.ടി.സി ബസിൽ കുത്തിയെങ്കിലും പിൻതിരിഞ്ഞു. പന്തളം - പത്തനംതിട്ട റോഡിൽ രണ്ടുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഏഴുമണിയോടെ തുമ്പമൺ മുട്ടം ഭാഗത്തെത്തിയ ആനയെ പാപ്പാന്മാർ അനുനയിപ്പിച്ച് തൊട്ടടുത്തുള്ള റബ്ബർതോട്ടത്തിൽ തളയ്ക്കുകയായിരുന്നു.
കൊടുമൺ സി.ഐ.വിനോദ്, പന്തളം എസ്.ഐ ഡി.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറസ്റ്റർ സി.എസ്. പ്രകാശിന്റെ നേതൃത്വത്തിൽ വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. വനംവകുപ്പിലെ മൃഗഡോക്ടർ പരിശോധന നടത്തിയശേഷമേ ആനയെ അഴിക്കാൻ പാടുള്ളു എന്ന് ഉടമയ്ക്ക് നിർദ്ദേശം നൽകി.