tvla-nss

തിരുവല്ല: മാത്യു ടി.തോമസ് എം.എൽ.എയുടെ അപേക്ഷപ്രകാരം റോഡുവികസനത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി എൻ.എസ്.എസ് നേതൃത്വം. മുത്തൂർ എൻ.എസ്.എസ് കരയോഗത്തിന്റെയും പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തിന്റെയും അധീനതയിലുള്ള സ്ഥലമാണ് മുത്തൂർ - കുറ്റപ്പുഴ റോഡിന്റെ വികസനത്തിനായി വിട്ടുനൽകിയത്. മുത്തൂർ ആൽത്തറ ജംഗ്ഷനിൽ നിന്ന് കുറ്റപ്പുഴക്കുള്ള റോഡിന്റെ തുടക്ക ഭാഗത്താണ് മുത്തൂർ ദേവീ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിന്റെ സ്ഥലവും നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്തിന്റെ അധീനതയിലുള്ള സ്ഥലവും ഉള്ളത്. സ്ഥലം ലഭ്യമായതോടെ റോഡിന്റെ തുടക്ക ഭാഗത്ത് 12 മീറ്ററിലേറെ വീതി ലഭ്യമാകുകയും ചെയ്തു. മാത്യു ടി.തോമസ് പെരുന്നയിൽ എൻ.എസ്.എസ് നേതൃത്വവുമായും മുത്തൂർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളുമായി ബന്ധപ്പെട്ടാണ് സ്ഥലം ലഭ്യമാക്കിയത്. മുത്തൂർ - കുറ്റപ്പുഴ റോഡിന്റെ പുനർനിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. റോഡ് വികസനത്തിന് പലയിടത്തും തടസങ്ങൾ നേരിടുമ്പോഴാണ് എൻ.എസ്.എസ് പ്രാദേശിക നേതൃത്വവും കേന്ദ്ര നേതൃത്വവും റോഡ് വികസനത്തിന് സ്ഥലം നൽകിയത്.