തിരുവല്ല: സമഗ്രശിക്ഷ പത്തനംതിട്ടയുടെ നേതൃത്വത്തിൽ 22 യു.പി സ്‌കൂളുകളിൽ പ്രാദേശിക ചരിത്രമ്യൂസിയത്തിന് തുടക്കമായി. ഈ മാസം 30നകം ജില്ലയിൽ ഇവ പൂർത്തിയാകും. തെരഞ്ഞെടുക്കപ്പെട്ട 22 സ്‌കൂളുകളിലെ ചരിത്രാദ്ധ്യാപകരും 11 ബി.ആർ.സി ട്രെയിനർമാരും പങ്കെടുത്ത കൂട്ടായ്മയിലാണ് ആശയരൂപീകരണം നടന്നത്. തിരുവല്ല ബി.ആർ.സിയിൽ സംഘടിപ്പിച്ച ശില്പശാല സമഗ്രശിക്ഷ പത്തനംതിട്ടയുടെ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ.വിജയമോഹനൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സിന്ധു.പി.എ, തിരുവല്ല ബി.പി.ഒ രാകേഷ് എന്നിവർ സംസാരിച്ചു.
ഒരു സ്‌കൂളിന് 25000 രൂപ വീതം സമഗ്രശിക്ഷ ഇതിനായി അനുവദിച്ചു. പ്രാദേശിക ചരിത്രശേഷിപ്പുകൾ ശേഖരിക്കൽ, ചരിത്ര രചന നടത്തൽ, സാമൂഹ്യപുരോഗതിയും വികസനവും സംബന്ധിച്ച സംവാദങ്ങൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കൽ, പാഠ്യപദ്ധതിയുടെ ഭാഗമായി ചരിത്രമ്യൂസിയത്തെ പ്രയോജനപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ എന്നിവ ഈ വിദ്യാലയങ്ങളിൽ നടക്കും. ചരിത്രചിന്തകനായ ജോർജ്ജ് കൂട്ടമ്മൽ ആശയരൂപീകരണ ശില്പശാലയിൽ ക്ലാസ് നയിച്ചു.
മ്യൂസിയത്തിന്റെ ലക്ഷ്യം
ചരിത്രത്തെ സ്വന്തമായി വ്യാഖ്യാനിക്കുക, കാലാനുഗതമായ സമൂഹ വളർച്ചയെ നേരിട്ട് അറിയുക, പോയ കാലത്തെക്കുറിച്ചുള്ള നേരനുഭവം ഒരുക്കുക, വ്യത്യസ്ത കാലഘട്ടങ്ങളെ താരതമ്യംചെയ്യുക, ചരിത്ര ശേഷിപ്പുകളെക്കുറിച്ച് കുട്ടിക്ക് അവബോധം ഉണ്ടാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് പ്രാദേശിക ചരിത്ര മ്യൂസിയങ്ങൾ വിദ്യാലയങ്ങളിൽ സജ്ജീകരിക്കുന്നത്.