തിരുവല്ല: നെൽക്കതിരുകൾ വിളവെത്തിയതോടെ അപ്പർകുട്ടനാടൻ മേഖലയിൽ ഇനി രണ്ടുമാസത്തോളം കൊയ്ത്തുകാലമാണ്. ഇന്നലെ പെരിങ്ങര പഞ്ചായത്തിലെ പാണാകേരിപ്പാടത്താണ് ആദ്യം കൊയ്ത്ത് ആരംഭിച്ചത്. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർമാരായ ഈപ്പൻ കുര്യൻ, അനിൽ മേരി ചെറിയാൻ, കർഷകസംഘം ഏരിയാ പ്രസിഡന്റ് എം.ജി.മോൻ, കെ.കെ.പൊന്നപ്പൻ, എബ്രഹാം കോവൂർ, മോനിച്ചൻ, സണ്ണി തോമസ് എന്നിവർ പങ്കെടുത്തു. 230 ഏക്കറിലാണ് പാണാകേരിയിൽ കൃഷി. നാല് കൊയ്ത്തുയന്ത്രങ്ങളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. 15ന് പടവിനകം എ, ബി, വേങ്ങൽ ഇരുകര എന്നിവിടങ്ങളിലും കൊയ്ത്ത് തുടങ്ങും. ഏക്കറിന് 1850 രൂപയാണ് കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിൽ വാടക നിശ്ചയിച്ചിരിക്കുന്നത്. ഉറപ്പുള്ള നിലങ്ങളിൽ ഒരേക്കർ ഒന്നര മണിക്കൂറിനുള്ളിൽ കൊയ്തെടുക്കാനാകും. പുഞ്ചനിലങ്ങളിൽ രണ്ടു മണിക്കൂർവരെ സമയം വേണ്ടിവരുന്നുണ്ട്. പാടശേഖരസമിതികൾ നേരിട്ടാണ് തമിഴ് നാട്ടിൽ നിന്ന് യന്ത്രങ്ങൾ എത്തിക്കുന്നത്. മേയ് ആദ്യവാരത്തോടെ അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് പൂർത്തിയാകും. ജില്ലയിലാകെ കഴിഞ്ഞ തവണ 8625 .77 ടൺ നെല്ലാണ് സിവിൽ സപാൾസി മുഖേന കർഷകരിൽ നിന്ന് സംഭരിച്ചത്. ഇതിന്റെ 90 ശതമാനവും അപ്പർകുട്ടനാടൻ മേഖകളിൽ നിന്നാണ്.
വേനൽമഴ ചതിച്ചില്ലെങ്കിൽ നഷ്ടം കൂടാതെ നല്ലരീതിയിൽ വിളവെടുപ്പ് പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. രണ്ടോ മൂന്നോ മഴ ഇതുവരെ പെയ്തെങ്കിലും കാര്യമായ ദോഷം ഉണ്ടാകാതിരുന്നത് കർഷകർക്ക് തുണയായി. ചില പാടങ്ങളിൽ നെല്ല് വീഴ്ചയും ഉണ്ടായിരുന്നു. എന്നാൽ വിളവെടുപ്പ് തുടങ്ങിയതോടെ പാടങ്ങളിൽ ഇനി പെയ്യുന്ന മഴ യന്ത്രക്കൊയ്ത്തിന് തടസമാകും.
നെല്ലിന് 26.30 രൂപ സംഭരണ വില
തിരുവല്ല: പാടശേഖരങ്ങളിൽ വിളവെടുപ്പ് തുടങ്ങിയതോടെ നെല്ല് സംഭരണത്തിനുള്ള നടപടികളും തുടങ്ങി. ഇത്തവണ ഒരുകിലോ നെല്ലിന് 26.30 രൂപ സംഭരണ വിലയായി കർഷകർക്ക് ലഭിക്കും. ഇതിൽ 17.50 രൂപ കേന്ദ്രവിഹിതവും 8. 80 രൂപ സംസ്ഥാന വിഹിതവുമാണ്. കഴിഞ്ഞവർഷം 23.30 രൂപയായിരുന്നു സംഭരണ വില. ഒരു വർഷത്തിനിടെ മൂന്നുരൂപയുടെ വർദ്ധനയുണ്ടായത് ഗുണകരമാണെന്ന് കർഷകർ പറഞ്ഞു. കൊയ്ത്ത് തുടങ്ങുന്നതിനു പത്തുദിവസം മുമ്പ് കർഷകർ അപേക്ഷയും മറ്റു രേഖകളും നെല്ല് സംഭരണ കേന്ദ്രത്തിൽ നൽകേണ്ടതാണ്. ഇതനുസരിച്ചാണ് ഓരോ പാടത്തെയും മില്ലുകൾ നിശ്ചയിക്കുന്നത്. എന്നാൽ പാണാകാരി പാഠം മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്‌ട്രേഷൻ വൈകിയാൽ സംഭരണത്തെയും ബാധിക്കുമെന്നും പാണകരിയിൽ രണ്ടു ദിവസത്തിനുള്ളിൽ സംഭരണ ജോലികൾ തുടങ്ങുമെന്നും പാഡി ഓഫിസർ മിനി പറഞ്ഞു. പാഡി ഓഫിസറെ കൂടാതെ മറ്റു നാലുപേരെക്കൂടി ജില്ലയിലെ നെല്ല് സംഭരണത്തിന്റെ ചുമതല നിറവേറ്റാൻ സർക്കാർ നിയോഗിച്ചിട്ടുണ്ട്.