പത്തനംതിട്ട: ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിച്ചു. ശുദ്ധിക്രിയകൾക്കു ശേഷം ശ്രീകോവിലിന്റെ സ്വർണം പൂശിയ പുതിയ വാതിൽ സ്ഥാപിച്ചു. ക്ഷേത്രത്തിനു വലംവച്ച് പ്രത്യേക പൂജകളോടെയാണ് പുതിയ വാതിൽ ഘടിപ്പിക്കുന്ന ചടങ്ങ് നടന്നത്.
ഇന്ന് രാവിലെ 7.30നും 8.25നുമിടയിൽ ഉത്സവത്തിന് തന്ത്രി കൊടിയേറ്റും. തുടർന്ന് ബിംബശുദ്ധിക്രിയ. നാളെ മുതൽ പള്ളിവേട്ട ദിവസമായ 20 വരെ ഉച്ചയ്ക്ക് 12ന് ഉത്സവബലിയുണ്ടാകും. ഒരു മണി മുതൽ രണ്ടു വരെ ഭക്തർക്ക് ഉത്സവബലി ദർശിക്കാം. രാത്രി 9.30ന് ശ്രീഭൂതബലി. അഞ്ചാം ഉത്സവദിവസമായ 16 മുതൽ അഞ്ച് ദിവസം രാത്രി ദീപാരാധനയ്ക്കും പുഷ്പാഭിഷേകത്തിനും ശേഷം വിളക്കെഴുന്നള്ളിപ്പ് നടക്കും. 20ന് രാത്രി ഒൻപതരയ്ക്ക് പള്ളിവേട്ട എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് പുറപ്പെടും. 21ന് രാവിലെ ഒൻപതിന് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര. 11 മണിക്കാണ് ആറാട്ട്. തുടർന്ന് പമ്പ ഗണപതി ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് ഇരുത്തും. സന്ധ്യയ്ക്ക് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. സന്നിധാനത്ത് എത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും.