കോന്നി: ഗതാഗത നിയന്ത്റണ സംവിധാനങ്ങളില്ലാത്ത കോന്നി ടൗണിൽ വാഹനങ്ങളുടെ കുരുക്ക് അഴിയുന്നില്ല. ട്രാഫിക് നിയന്ത്രണത്തിന് ഒരു ഹോംഗാർഡ് മാത്രമാണുള്ളത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത, കോന്നി ചന്ദനപ്പള്ളി, കോന്നി തണ്ണിത്തോട് കുമ്പഴ എന്നിങ്ങനെ നാല് പ്രധാനപ്പെട്ട റോഡുകൾ സംഗമിക്കുന്നത് സെൻട്രൽ ജംഗ്ഷനിലാണ്. നൂറുകണക്കിന് വാഹനങ്ങൾ നാല് ഭാഗത്തേക്കും കടന്നുപോകുന്ന ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.30 മുതൽ 10 വരെയും, ഉച്ചയ്ക്ക് 3.30 മുതൽ 5 വരെയുമാണ് കാൽനടയാത്രക്കാർക്ക് പോലും കടന്നുപോകാൻ കഴിയാത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ ഇത് ഇരട്ടിയാകും. സെൻട്രൽ ജംഗ്ഷനിൽ നിന്ന് പോസ്റ്റ് ഓഫീസ് വരെയും, മാർക്കറ്റ് ജംഗ്ഷൻ വരെയും, പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയും മുസ്ലിം പള്ളി വരെയുമാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
അനധികൃത പാർക്കിംഗ്
പോസ്റ്റ് ഓഫീസ് റോഡിൽ മാവേലി സ്റ്റോറിനു എതിർഭാഗത്താണ് ബസ് സ്റ്റോപ്പുള്ളത്. ഇവിടെ സമയത്തിനു വളരെ മുമ്പുതന്നെ സ്വകാര്യ ബസുകളെത്തി കിടക്കുന്നത് ഈ ഭാഗത്തെ ഗതാഗത തടസത്തിനു കാരണമാകുന്നു. സെൻട്രൽ ജംഗ്ഷന് സമീപത്തായി പാർക്കിംഗ് പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകളും പ്രശ്നം സൃഷ്ടിക്കുന്നു. വാഹനങ്ങളിലും അല്ലാതെയും നടത്തുന്ന വഴിയോര കച്ചവടങ്ങളും കുരുക്ക് രൂക്ഷമാക്കുന്നു.
പോസ്റ്റ് ഓഫീസ് റോഡിലാണ് ഗവ.എച്ച്.എസ്.എസ്, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ബി.എസ്.എൻ.എൽ ഭവൻ, കൃഷിഭവൻ, ഡി.എഫ്.ഒ ഓഫീസ്, ഫയർ സ്റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഇവിടങ്ങളിൽ എത്തിച്ചേരേണ്ടവർ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്.
ട്രാഫിക് പൊലീസില്ല
സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിങ്ങനെ പ്രധാന പോയിന്റുകളിൽ ട്രാഫിക് പൊലീസിന്റെ സേവനം അത്യാവശ്യമാണ്. എന്നാൽ മതിയായ പൊലീസുകാർ സ്റ്റേഷനിൽ ഇല്ലാത്തതു കാരണം ആരെയും ഡൂട്ടിക്ക് നിയോഗിക്കാറില്ല. സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡിനാകട്ടെ നാല് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരേ സമയം കാണാനോ, നിയന്ത്റിക്കാനോ കഴിയാറുമില്ല. ഗ്രാമപഞ്ചായത്ത് കാലാകാലങ്ങളിൽ ടൗണിൽ ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും ഒന്നും ഇതുവരെപ്രായോഗികമായിട്ടില്ല.