പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച മെഴുവേലി സഹകരണ ബാങ്ക് കവർച്ചാ കേസിന്റെ വിചാരണ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പൂർത്തിയാകുന്നു. ഇനി അന്വേഷണോദ്യേഗസ്ഥനായ 226-ാം സാക്ഷി സർക്കിൾ ഇൻസ്‌പെക്ടർ എസ്. നന്ദകുമാറിനെ കൂടി വിസ്തരിക്കാനുണ്ട്. നാടിനെ നടുക്കിയ കവർച്ച നടന്നത് 2011 ഓഗസ്റ്റ് 21ന് ആയിരുന്നു. തലേന്ന് ഗ്യാസ് കട്ടറും ഓക്‌സിജൻ സിലിണ്ടറും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ബാങ്കിന്റെ ഷട്ടറും സ്‌ട്രോംഗ് റൂമിന്റെ വാതിലും മുറിച്ച് മടങ്ങി. പിന്നീട് 21ന് രാത്രി വീണ്ടും എത്തി ബാങ്കിന്റെ ഇരുമ്പ് ചെസ്റ്റ് മുറിച്ച് 4,008 ഗ്രാം സ്വർണാഭരണങ്ങളും 3,78,504 രൂപയും ഉൾപ്പെടെ 1.03 കോടിയിലേറെ വില വരുന്ന മുതലുകളും മോഷ്ടിച്ചെന്നാണ് കേസ്. ആറും ഏഴും പ്രതികൾ മോഷണ മുതലാണ് എന്നറിഞ്ഞുകൊണ്ട് അവ വാങ്ങി ക്രയ വിക്രയം നടത്താൻ സഹായിച്ചെന്നും എട്ടാം പ്രതി മോഷണ വാന് വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. . നഷ്ടപ്പെട്ടതിൽ 3.301 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 226 സാക്ഷികളിൽ 61 പേരെ വിസ്തരിച്ചു. കോടതിയിൽ നേരിട്ട് അപേക്ഷ നൽകി സ്വർണം താൽക്കാലിക കസ്റ്റഡിയിൽ വാങ്ങിയ 140 പേരെ വിസ്താരത്തിൽ നിന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഒഴിവാക്കി.