madhus

പത്തനംതിട്ട: സംഘട്ടനം ശിഹാൻ കെ.മധു എന്ന് സ്‌ക്രീനിൽ കണ്ടാൽ സ്റ്റണ്ട് മാസ്റ്ററെ മാത്രം ഓർത്താൽ പോരാ കോന്നി മാമ്മൂട് ചെമ്പരത്തി വീട്ടിലെ കുടുംബാംഗങ്ങളെ മുഴുവൻ ഓർക്കണം. കാരാട്ടെ അദ്ധ്യാപകനും സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുമായ മധുവാണ് കുടുംബനാഥൻ, ഭാര്യയും മൂന്ന് കുട്ടികളും. ഇവരെല്ലാം കരാട്ടെ ബ്‌ളോക്ക് ബെൽറ്റും. ഞങ്ങൾ ബ്ലാക്ക് ബെൽറ്റ് കുടുംബമാണെന്ന് പറയാൻ ഇവർക്ക് അഭിമാനമേറെയാണ്.

20 വർഷമായി യോഗ അദ്ധ്യാപികയും കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുമായ അജിതയാണ് മധുവിന്റെ ഭാര്യ. കലഞ്ഞൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനി മൂത്ത മകൾ ആർച്ചയും കോന്നി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഇളയ മകൾ ആര്യാ മധുവും കോന്നി ഗവ.സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മകൻ അർജുനും പിതാവിനൊപ്പം കരാട്ടെ ശിഹാൻ സ്റ്റൈൽ പിൻതുടരുകയാണ്. ഇപ്പോൾ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ മധുവിന്റെ സ്റ്റൈലൻ അടിയുണ്ട്. തമിഴിൽ ലെവൻ, ഒരു കാതെൽ പുസ്തകം, ഒരു തലെ കാതൽ, മലയാളത്തിൽ കാവതിക്കാക്കകൾ എന്നീ ചിത്രങ്ങളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചു. കുടുംബാംഗങ്ങളോട് ആലോചിച്ചാണ് ഓരോ സിനിമയ്ക്കും സ്റ്റണ്ട് ഒരുക്കുന്നതെന്ന് 40 വർഷമായി കരാട്ടെ അദ്ധ്യാപകനായ മധു പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ നയിക്കുന്ന മധുവിന് 40,000ൽ അധികം ശിഷ്യൻമാരുമുണ്ട്.. ഓൾ കേരള മാസ്റ്റേഴ്‌സ് അസോസിയേൻ സംസ്ഥാന പ്രസിഡന്റും ഓൾ ഇന്ത്യ ഷോട്ടോകാൻ കരാട്ടെ സെൽഫ് ഡിഫൻസ് അസോസിയേഷന്റെ നാഷണൽ കോച്ചുമാണ്.

മൂന്നാം വയസിൽ കരാട്ടെയോട് തോന്നിയ ആരാധനയാണ് മധുവിനെ കരാട്ടെ കുടുംബത്തിന്റെ കാരണവരാക്കിയത്. കോന്നി മാമ്മൂട് ചെമ്പരത്തി വീട്ടിൽ കുഞ്ഞുപ്പണിക്കരുടെയും കാർത്തിയായനിയുടെയും ആറാമത്തെ മകനാണ് മധു.