ഇലന്തൂർ:കാച്ചിക്കൊട്ടുന്ന തപ്പും കൈമണിയും പടേനിശീലുകളും ദേശത്തിന്റെ ജീവതാളമാക്കി മാറ്റിക്കൊണ്ട് ദാരികവധം കഴിഞ്ഞെത്തിയ ഇലന്തൂർ കുന്നിലമ്മയുടെ മുൻപിലേക്ക് പടേനി ചേരുന്ന ഭൂതഗണങ്ങളുടെ വരവായി. ഇലന്തൂർ മണ്ണുംഭാഗം കരയിൽ നിന്നും വരുന്ന കുട്ടക്കോലങ്ങളെ കളത്തിലേക്ക് വായ്ക്കുരവയും ആർപ്പുവിളിയുമായി സ്വീകരിച്ച് ആനയിച്ച് കാച്ചിക്കടുപ്പിച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ പടേനി ചടങ്ങുകൾക്ക് ആരംഭമാകും . തുടർന്ന് നടക്കുന്ന തപ്പുമേളത്തിന് ശേഷം അമ്മയുടെ പ്രതിരൂപമായ ഭൈരവി അടന്തതാളത്തിൽ കളത്തിൽ എത്തുന്നതോടെ കോലങ്ങളുടെ വരവായി.ശിവകോലം,പിശാച്,മറുത,സുന്ദരയക്ഷി,കാലൻ,ഭൈരവി എന്നീ കോലങ്ങളെ കൂടാതെ ഇലന്തൂർ പടേനിയിൽ മാത്രം കാണാൻ സാധിയ്ക്കുന്ന കരിങ്കാളികോലവും കളത്തിൽ എത്തുന്നു. കറുപ്പ് നിറത്തിന് പ്രാധാന്യം നൽകുന്ന കിരീട സമാനമായ കോലവും കുരുത്തോലപ്പാവാടയും ,അരത്താലിലും ,അരമണിയും കാൽ ചിലമ്പും മുഖത്ത് കറുപ്പും ഇട്ട് കണ്ണും കുറിയുമായി ഇടംകൈയ്യിൽ നാന്ദകവും വലംകൈയ്യിൽ വാളുമായി അത്യന്തം രൗദ്രഭാവത്തിൽ കളത്തിൽ എത്തുന്ന കരിങ്കളി അടന്തതാളത്തിൽ തുടങ്ങി ഒറ്റയും മുറുക്കവുമായി തുള്ളി ഒഴിയുന്നു. ആദിദേവതയായ കരിങ്കാളികാലദോഷങ്ങളിൽ നിന്നും കരവാസികൾക്ക് മുക്തി നൽകുന്നതായി വിശ്വസിക്കുന്നു. കുന്നിലമ്മയുടെ മൂലസ്ഥാനമായ കിഴക്ക്കരയിൽ നിന്നും കൂട്ടക്കോലങ്ങളോടൊപ്പം നാളെ കളത്തിൽ എത്തുന്നത് രുദ്രമറുതയാണ്. ഒറ്റപ്പാളയിൽ എഴുതുന്ന ചെറുക്കോലങ്ങൾ മുതൽ 101 പാളയിൽ എഴുതുന്ന മഹാ ഭൈരവി വരെ ഏതാണ്ട് അഞ്ഞൂറിൽ പരം കോലങ്ങളാണ് എട്ട് പടേനി രാവുകളിലായി ഇലന്തൂർപ്പടേനിയിൽ തുള്ളിഒഴിയുന്നത്.