തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ ടാറിംഗ്പൂർത്തിയാക്കിയിട്ടെന്താ കാര്യം, യാത്രക്കാരുടെ ദുരിതം തീരാൻ ഇനിയും കാത്തിരിക്കണം. അടുത്തിടെ കോടികൾ ചെലവഴിച്ച് നിർമ്മിച്ച മുത്തൂർ -കുറ്റപ്പുഴ റോഡിന്റെ കാര്യമാണിത്. ലക്ഷങ്ങൾ വിലയുള്ള സ്ഥലം നാട്ടുകാർ വിട്ടുകൊടുത്ത് റോഡിന്റെ വീതിയും കൂട്ടി. എന്നാൽ റോഡിന്റെ പലഭാഗത്തും യാത്രക്കാർക്ക് വഴിമുടക്കി നിൽക്കുകയാണ് വൈദ്യുതി പോസ്റ്റുകൾ. നാട്ടുകാരിൽനിന്ന് സ്ഥലം ഏറ്റെടുത്ത കുറ്റപ്പുഴ മുതൽ ബാലവിഹാർ വരെയുള്ള ഭാഗങ്ങളിൽ തന്നെ എട്ടോളം പോസ്റ്റുകൾ ഇങ്ങനെ വില്ലനായി നിൽക്കുന്നു. ഇതുകാരണം രാത്രിയിലും മറ്റും യാത്രക്കാർ അപകടഭീതിയിലാണ് ഇതുവഴി പോകുന്നത്. വീതികൂടിയ ഭാഗങ്ങളും യാത്രക്കാർക്ക് ഉപയോഗിക്കാനാകുന്നില്ല. റോഡ് ഈ നിലവാരത്തിലെത്തിയെങ്കിലും പോസ്റ്റുകൾ കൂടി അല്പം വശങ്ങളിലേക്ക് നീക്കി സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാം. റോഡിലേക്കിറങ്ങി നിൽക്കുന്ന പോസ്റ്റുകൾ നീക്കംചെയ്യണമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ യാത്രക്കാരുടെ ആവശ്യം ചെവിക്കൊള്ളാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.