new-delhi:-kerala’s-worst

റാന്നി: പെരുന്തേനരുവി ഡാമിൽ വൻസുരക്ഷാ വീഴ്ച്ച. ഡാമിന്റെ ഒരു ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതർ തുറന്നു വിട്ടു. മുക്കാൽ മണിക്കൂറോളം ഡാമിൽ നിന്ന് ജലം ശക്തമായി നദിയിലൂടെ ഒഴുകി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വെച്ചൂച്ചിറ പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി ഷട്ടർ അടയ്ക്കുകയായിരുന്നു. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല.

പെരുന്തേനരുവി ഡാമിന്റ തൊട്ടു താഴെയായി നാറാണംമൂഴി കരയിൽ താമസിക്കുന്ന
റോയിയാണ് വലിയ ശബ്‌ദത്തോടെ നദിയിലൂടെ വെള്ളം ഒഴുകിയെത്തുന്നത് ആദ്യം കാണുന്നത്. ഇതേ സമയം തന്നെ നദിയുടെ കരയിൽ കയറ്റിവച്ചിരുന്ന റോയിയുടെ ഉടമസ്ഥതയിലുള്ള ചെറിയ വള്ളത്തിനും വള്ളപ്പുരയ്ക്കും തീ പിടിച്ചു. ഓടിയെത്തിയ വീട്ടുകാർ തീയണച്ചു.ഡാമിൽ ജലനിരപ്പ് കുറവായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അടുത്തിടെയാണ് പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി പ്രവർത്തനം ആരംഭിച്ചത്. അതീവ സുരക്ഷാ മേഖല പ്രദേശമായ ഇവിടേക്ക് എത്തിച്ചേരുന്നതും ഡാമിന്റെ ഷട്ടർ തുറക്കുന്നതും പ്രയാസകരമാണ്.
സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസും കെ.എസ്.ഇ.ബി അധികൃതരും വ്യക്തമായ മറുപടി നൽകുന്നില്ല.