ഒാമല്ലൂർ: ഇനി ഓമല്ലൂരുകാർക്ക് ഒരുമാസം കൃഷി ഉത്സവമാണ്.പഴമയും പുതുമയും സമ്മേളിക്കുന്ന കാർഷിക സംസ്‌കൃതിയുടെ സ്മരണയിൽ ഓമല്ലൂർ വയൽവാണിഭം ഇന്ന് ആരംഭിക്കും.
കാർഷിക വിളകളുമായി കർഷകരും കച്ചവടക്കാരും വയൽ വാണിഭത്തിനായി എത്തി കഴിഞ്ഞു. ഇത്തവണ ആലുവയിലെ 'കരിമണൽ' ചട്ടിയാണ് ശ്രദ്ധേയം. അതിശയിക്കേണ്ട, സാക്ഷാൽ കരിമണൽ കൊണ്ടുണ്ടാക്കിയതല്ല. മണൽ കരിച്ചുണ്ടാക്കിയ ചട്ടിയാണ്.
മുൻപ് തഞ്ചാവൂരിൽ നിന്നുള്ള കരിമണൽ ചട്ടിയായിരുന്നു വില്പ്പനയ്ക്കുണ്ടായിരുന്നത്. മണ്ണ് കൊണ്ടുള്ള വിവിധ പാത്രങ്ങൾ ആകർഷണമാണ്. മൺചട്ടികളും കൂജകളും ഇവയിൽപ്പെടും.
നിരവധി നിത്യോപയോഗ സാധനങ്ങൾ, കാർഷിക വിളകളായ കാച്ചിൽ, ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി തുടങ്ങിയവ വിൽപനക്കായി എത്തിച്ചിട്ടുണ്ട്. ഫലവൃക്ഷ തൈകൾ, പൂച്ചെടികൾ തുടങ്ങിയവയും ഉണ്ട്.
ഒരുകിലോ ചേനക്ക് 40 രൂപ, കാച്ചിൽ 70, 100, ചേമ്പിൻതട 25, കിഴങ്ങ് 80, 100, മഞ്ഞൾ 30, ഇഞ്ചി 100 ,ഉണക്ക കപ്പ 60 എന്നിങ്ങനെയാണ് വില.
ഓമല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റാളിൽ പച്ചക്കറി തൈകളും വിവിധയിനം വിത്തിനങ്ങളും വിൽപ്പനയ്ക്കായുണ്ട്. പഴയകാലത്തെ ഗൃഹോപകരണങ്ങളായ ഉരൽ, ഉലക്ക, പ്ലാവിൽ തീർത്ത പറ, നാഴി, ചങ്ങഴി, നാടൻ കറിക്കത്തികൾ, കാർഷിക ഉപകരണങ്ങൾ ഇവയൊക്കെയും നിരന്നിട്ടുണ്ട്. ചിരവ 170 രൂപ, അടച്ചോറ്റി 150 രൂ, മത്ത് 100 രൂ, ചിരട്ടത്തവി 50 രൂ, പ്ലാവിൽ തീർത്ത പറ 4000, 7000 രൂപ, ചങ്ങഴി 750രൂ എന്നിങ്ങനെയാണ് വില. പണിയായുധങ്ങൾ ഉറപ്പിച്ചുകൊടുക്കാൻ പ്രത്യേക ആളുകളുമുണ്ട്.
ദീപപ്രയാണ വിളംബര ഘോഷയാത്ര
വയൽവാണിഭത്തിന്റെ ചരിത്രം വിളിച്ചറിയിച്ച് കൊല്ലം വെളിനെല്ലൂർ പഞ്ചായത്തിലെ തെക്കെ വയലിൽ നിന്ന് ആരംഭിച്ച ദീപ പ്രയാണ വിളംബര ഘോഷയാത്രയ്ക്ക് ഓമല്ലൂരിൽ സ്വീകരണം നൽകി. ഇന്ന് രാവിലെ 10ന് ഡോ. മാത്യു പി. ജോസഫ് വയൽ വാണിഭം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് സാംസ്‌കാരിക ഘോഷയാത്ര. 5.30ന് സാംസ്‌കാരിക സമ്മേളനം പ്രൊഫ. കടമ്മനിട്ട വാസദേവൻ പിള്ള ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ഫ്യൂഷൻ, 8ന് കോമഡി മ്യൂസിക്കൽ നൈറ്റ്. 16 ന് രാവിലെ 10 ന് മൃഗസംരക്ഷണ സെമിനാർ. 10.30 ന് തൊഴിലുറപ്പ് പദ്ധതി ശിൽപശാല ജില്ലാ കളക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കവിയരങ്ങ്. ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 6.30 ന് സമാപന സമ്മേളനം.