ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഇൗ വർഷം അവസാനിക്കും
നിയമനം കാത്ത് സംസ്ഥാനത്ത് 350 ഉദ്യോഗാർത്ഥികൾ, ജില്ലയിൽ 69
പത്തനംതിട്ട: ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് കാലാവധി ഇൗ വർഷം അവസാനിക്കാനിരിക്കെ നിയമനം വൈകുകയാണ്. 2017ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത വർഷം ജനുവരിയിൽ അവസാനിക്കും.
സംസ്ഥാനത്ത് 350 ഒാളം ഉദ്യോഗാർത്ഥികളാണ് നിയമനം കാത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ മാത്രം 69 പേരാണ് റാങ്ക് പട്ടികയിലുളളത്. ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇവരെ ഒരു മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. റാങ്ക് പട്ടികയിൽ നിന്ന് സ്ഥിരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ നിന്ന് ഗ്രേഡ് 1ലേക്ക് പ്രൊമോഷൻ നടക്കുമ്പോഴാണ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കുന്നത്. എന്നാൽ, ഗ്രേഡ് 2 തസ്തികയിൽ എത്ര ഒഴിവുകളുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ആരാേഗ്യ വകുപ്പിൽ ഫീൽഡ് വിഭാഗമാണ് ഗ്രേഡ് 2. രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലാണ് പ്രവർത്തനം. ഇപ്പോൾ ആശാ വർക്കർമാരെയും സന്നദ്ധസംഘടനകളെയും ഉപയോഗിച്ചാണ് ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനം. സർക്കാർ നടത്തുന്ന രണ്ടു വർഷത്തെ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സ് പാസായി പി.എസ്.സി പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങളോട് സർക്കാർ അവഗണന കാട്ടുകയാണെന്ന് റാങ്ക് ഹോൾഡർമാർ പരാതിപ്പെടുന്നു. ആരോഗ്യ വകുപ്പിൽ അല്ലാതെ തങ്ങൾക്ക് മറ്റൊരിടത്തും തസ്തികയില്ല. നിയമന നടപടികൾ വേഗത്തിലാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുട ആവശ്യം.
..
''
റാങ്ക് ലിസ്റ്റിലുളള പകുതിയിലേറെ ഉദ്യോഗാർത്ഥികളും പി.എസ്.സി നിയമനത്തിനുളള പ്രായപരിധി അടുത്തവരാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് എത്രയും വേഗം നിയമനം നടത്തണം.
റാങ്ക് ഹോൾഡർമാർ.
''
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിൽ നിന്ന് പ്രൊമോഷൻ നടക്കുന്ന മുറയ്ക്ക് നിയമനം നടത്തും. ഇൗ മാസം കുറേപ്പേർക്ക് പ്രൊമോഷൻ ലഭിക്കും. ഇതിന്റെ തുടർച്ചയായി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തും.
ആരോഗ്യ വകുപ്പ് അധികൃതർ.