പത്തനംതിട്ട; വരകളിൽ നിറഞ്ഞ പത്തനംതിട്ടയുടെ സൗന്ദര്യം വാക്കുകൾക്ക് അതീതമായി മാറിയപ്പോൾ അറിവിന്റെയും വിനോദത്തിന്റെയും മറ്റൊരു വേദിയായി പത്തനംതിട്ട പ്രസ്‌ക്ലബ് അങ്കണം മാറി.
കാർട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച 50ൽ പരം രേഖാചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നലെ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. ജില്ലയുടെ നേർക്കാഴ്ചകളാണ് ഈ ചിത്രങ്ങളെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ പി.ബി. നൂഹ് അഭിപ്രായപ്പെട്ടു.
ജില്ലാ ആസ്ഥാനത്തെ വ്യത്യസ്തമായ കാഴ്ചകൾക്കപ്പുറമായി തിരുവല്ല, അടൂർ, പന്തളം, കോന്നി, സീതത്തോട്, റാന്നി പ്രദേശങ്ങളും ചിത്രങ്ങളിലുണ്ടായിരുന്നു. മലയാലപ്പുഴ, തണ്ണിത്തോട്, വായ്പൂര് ഗ്രാമങ്ങളുടെ മുഖങ്ങളും ഷാജിയുടെ രേഖാചിത്രങ്ങളിലുണ്ട്. കുട്ടവഞ്ചി സവാരിയും ആരാധനാലയങ്ങളും തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം ചിത്രങ്ങളിൽ ഇടം പിടിച്ചു. പ്രമുഖരുടെ കാരിക്കേച്ചറുകൾക്കൊപ്പം നഗരത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കാരിക്കേച്ചറുകളും പ്രദർശനത്തിൽ ഉൾപ്പെട്ടു. ഉദ്ഘാടകനായ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ രേഖാചിത്രം ഷാജി വരച്ചു സമ്മാനിക്കുകയും ചെയ്തു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.