aneeta

പത്തനംതിട്ട : പാറിക്കളിക്കേണ്ട പ്രായത്തിൽ അപൂർവ രോഗം ഭിന്നശേഷിക്കാരിയാക്കിയ അനീറ്റയ്ക്ക് തോൽക്കാൻ മനസില്ല, ശരീരം തളർത്തിയ രോഗത്തോടും അവഗണിക്കുന്ന അധികാരികളോടും ഒരു നീരസവുമില്ലാതെ കിടക്കയിലും വീൽചെയറിലുമായി കഴിയുകയാണ് ഇൗ മിടുക്കി. പാഠപുസ്തകങ്ങളെ ജീവവായുവാക്കിയുള്ള ജീവിതം. വേദനയ്ക്ക് മുന്നിൽ ചിലപ്പോൾ പിടിച്ചു നിൽക്കാനാവില്ല. ചില ദിവസങ്ങളിൽ സ്കൂളിലും എത്താനാകില്ല. എന്നിട്ടും പഠനം കൈവിടാതെ അനീറ്റ പത്താം ക്ളാസിൽ മൂന്നു വിഷയങ്ങൾക്ക് എ പ്ളസ് നേടി. ഇപ്പോൾ പ്ളസ് വൺ പരീക്ഷയെഴുതുകയാണ്. മകളുടെ മരുന്നിനും ചികിത്സയ്ക്കുമുളള പണം ഇല്ലാതെ വലയുകയാണ് മാതാപിതാക്കളായ പേഴുംപാറ വലിയകുളത്തിൽ ഷാജിയും സുജയും. ഷാജി ഗൾഫിൽ നിന്ന് സമ്പാദിച്ചതെല്ലാം ചികിത്സയ്ക്കായി ചെലവാക്കി. നാട്ടിലെത്തി റബർ ടാപ്പിംഗ് ജോലി ചെയ്തും മകളെ ചികിത്സിച്ചു. ടാപ്പിംഗ് നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായി.

മാസം പതിനായിരം രൂപയോളം മരുന്നിനും ചികിത്സയ്ക്കുമായി വേണം. അഞ്ച് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തു. എന്നിട്ടും കിട്ടേണ്ട അവകാശങ്ങൾ അധികൃതർ അനുവദിക്കുന്നില്ല. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്കൂളിൽ പോയി വരാനുളള യാത്രാചെലവ് തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കണമെന്ന് ചട്ടമുണ്ട്. വടശേരിക്കര പഞ്ചായത്ത് ഒാഫീസിൽ അപക്ഷേ നൽകിയെങ്കിലും പണം ലഭിച്ചില്ല. പൊതുപ്രവർത്തകനായ സന്തോഷ് മുൻകൈയെടുത്ത് ബാലാവകാശ കമ്മിഷന് പരാതി നൽകി. എല്ലാ ആനുകൂല്ല്യങ്ങളും 15 ദിവസത്തിനുളളിൽ നൽകാൻ കമ്മിഷൻ 2016ൽ വടേശരിക്കര പഞ്ചായത്തിന് നിർദേശം നൽകിയിട്ടും നടപ‌ടിയായില്ല. ആനുകൂല്യങ്ങൾക്കായി അനീറ്റയുമായി നാട്ടുകാർ പഞ്ചായത്ത് ഒാഫീസ് പടിക്കൽ കഴിഞ്ഞയാഴ്ച ധർണ നടത്തി.

മൂന്നു കിലോമീറ്റർ അകലെ വടശേരിക്കര ടി.ടി.‌ടി.എം ഹയർസെക്കൻഡറി സ്കൂളിൽ പോകുന്നതിന് ഒരു ദിവസം 240രൂപയാണ് ഒാട്ടോ ചാർജ്. പത്താം ക്ളാസ് വരെ പഠിച്ച വലിയകുളം ഗവ. ഹൈസ്കൂളിൽ പോയിവരുന്നതിന് ഒരു ദിവസം ചെലവായത് 400രൂപയാണ്. യാത്രാച്ചെലവ് ലഭിച്ചാൽ ഷാജിക്ക് വലിയൊരു ബാദ്ധ്യത ഒഴിഞ്ഞു കിട്ടും. രോഗത്തെ മറക്കാൻ അനീറ്റ ചിത്രങ്ങൾ വരയ്ക്കും. സഹോദരി അൻസു ഏഴാം ക്ളാസിൽ പഠിക്കുന്നു.വടശേരിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സാന്ത്വന പരിചരണവിഭാഗം പരിശോധിക്കുന്നുണ്ട്.

...

അപൂർവ രോഗം

രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന സിസ്റ്റമക് ലൂപ്പസ് എർത്തുമറ്റോസസ് (എസ്.എൽ.ഇ) എന്ന രോഗമാണ് അനിറ്റയ്ക്ക്. നട്ടെല്ലിനെയാണ് ബാധിച്ചത്. പതിനൊന്നാം വയസിൽ പനിയോടെയായിരുന്നു തുടക്കം. കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം കണ്ടുപിടിച്ചത്. നാല് വർഷം മുൻപ് അരയ്ക്ക് താഴെ തളർന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് തുടർ ചികിത്സ. ഇതുവരെ 26 ലക്ഷം രൂപ ചെലവായി. ശസ്ത്രക്രിയ അടക്കമുളള തുടർ ചികിത്സയാണ് ഇനി വേണ്ടത്.

...

''അനീറ്റയുടെ യാത്രച്ചെലവ് അനുവദിക്കുന്നത് പരിശോധിക്കും.

സൈനബ,

ഗ്രാമപഞ്ചായത്തംഗം