തിരുവല്ല: ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച മുണ്ടിയംകുളത്തിൽ മാലിന്യം നിറഞ്ഞു. കവിയൂർ പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന മുണ്ടിയപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന കുളമാണ് മലിനമായി കിടക്കുന്നത്. വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. ജല അതോറിട്ടിയുടെ പൈപ്പ്‌ലൈനുകളിൽ സ്ഥിരമായി വെള്ളം ലഭിക്കാറുമില്ല. ഉയർന്ന പ്രദേശങ്ങളായ വള്ളുവംകുന്ന്, ഇലവുങ്കൽമല, ഇലവിനാൽ, കൊടുന്നാട്ടുകുന്ന് പ്രദേശങ്ങളിലാണ് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. പ്രദേശവാസികൾ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. കവിയൂർ പഞ്ചായത്തിലെ രണ്ടാംവാർഡിൽ ഗ്രാമപഞ്ചായത്തും മല്ലപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തും ലക്ഷങ്ങൾ മുടക്കി നവീകരിച്ച മുണ്ടിയംകുളം പ്രയോജനപ്പെടുത്തിയാൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും. കാടും വള്ളിപ്പടർപ്പുകളും മാലിന്യങ്ങളും നീക്കി കുളം കുറേക്കൂടി ആഴത്തിൽ കുഴിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം വൃത്തിയാക്കി ഇവിടെനിന്ന് ടാങ്കർലോറികൾ വഴി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാം. മുണ്ടിയംകുളത്തിൽ മോട്ടോർ സ്ഥാപിച്ച് ഉയർന്ന പ്രദേശമായ ഇലവുങ്കൽ മലയിലോ വള്ളുംവംകുന്നിലോ വലിയ ടാങ്കുകൾ സ്ഥാപിച്ച് ജലവിതരണം നടത്താനും കഴിയും.