accident
രോഗിയുമായി പോയ ആംബുലൻസുമായി കൂട്ടിയിടിച്ച ബൈക്ക്

തിരുവല്ല: എം.സി.റോഡിലൂടെ രോഗിയുമായി പോയ ആംബുലൻസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. രോഗിയെ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. തിരുവല്ല തുകലശേരി കാരയ്ക്കാട്ടുമലയിൽ അഖിൽബാബു (21) വിനാണ് പരിക്കേറ്റത്. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.45ന് തിരുമൂലപുരം ജംഗ്‌ഷന് സമീപമായിരുന്നു അപകടം. ഏഴംകുളം ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ന്യുറോ ചികിത്സയ്ക്കായി കുളനട കൊമ്പിലേത്ത് ബഥേൽ വീട്ടിൽ ക്രിസ്റ്റി മാത്യു (24 )വിനെ പന്തളത്ത് നിന്ന് പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എതിരെ ബൈക്കിലെത്തിയ യുവാവ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . ഇടിയുടെ ആഘാതത്തിൽ 20 മീറ്ററോളം ദൂരത്തിൽ തെറിച്ചുവീണ അഖിൽ ബാബുവിന് തലയ്ക്കും വയറിലും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് എം.സി.റോഡിൽ കുറേനേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.