പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെച്ചൊല്ലിയുളള അഭ്യൂഹങ്ങൾ തീരുന്നു. നിലവിലെ എം.പി ആന്റോ ആന്റണി മത്സരിക്കുമെന്ന് ഉറപ്പായി. ഇന്ന് ന്യൂഡൽഹിയിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ ആന്റോ ആന്റണി കഴിഞ്ഞ ദിവസങ്ങളിൽ നിശബ്ദ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്നലെ അടൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. സ്ഥാനാർത്ഥി ആന്റോ ആന്റണി തന്നെയായിരിക്കുമെന്ന് ഡി.സി. സി നേതൃത്വവും വ്യക്തമാക്കി. ഇന്ന് പ്രഖ്യാപനത്തിനു മുൻപ് എന്തെങ്കിലും കരുനീക്കം നടന്നാൽ മാത്രമേ ആന്റോയെ ഒഴിവാക്കൂ.
2009 പത്തനംതിട്ട പാർലമെന്റ് മണ്ഡലം രൂപീകരിച്ചതു മുതൽ തുടർച്ചയായി രണ്ടുതവണയും പത്തനംതിട്ടയുടെ എം.പിയാണ് ആന്റോ. മൂന്നാമങ്കത്തിന് ഇറങ്ങുമ്പോൾ ഒരു വനിതയാണ് ശക്തയായ എതിരാളിയായി നിൽക്കുന്നതെന്ന് വ്യത്യാസമുണ്ട്. വീണാ ജോർജിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. പോസ്റ്ററുകളും ഫ്ളക്സുകളും പതിച്ച് എൽ.ഡി.എഫ് പ്രചരണത്തിൽ മുന്നേറുകയും ചെയ്തു. വീണാ ജോർജ് പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഒാട്ട പ്രദക്ഷണത്തിലാണ്. ഇന്നലെ റാന്നിയിലും തിരുവല്ലയിലും എൽ.ഡി.എഫ് കൺവെൻഷനിലും പങ്കെടുത്തു.
പത്തനംതിട്ട ഡി.സി. സി നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ ആന്റോ ആന്റണിയെ ഒഴിവാക്കിയതു കാരണം അദ്ദേഹം മത്സരിക്കില്ല എന്ന അഭ്യൂഹം പടർന്നിരുന്നു. എന്നാൽ, നിലിവിലെ എം.പിമാരെ സ്ഥാനാർത്ഥികളായി കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ പരിഗണിക്കുന്നതിനാലാണ് ഡി.സി.സിയുടെ പട്ടികയിൽ നിന്ന് ആന്റോയെ ഒഴിവാക്കിയതെന്ന് നേതൃത്വം നൽകിയ വിശദീകരണം. ഇതിനിടെ, ഉമ്മൻചാണ്ടി, പി.സി.വിഷ്ണുനാഥ് എന്നിവരിൽ ആരെങ്കിലും മത്സരിക്കുമെന്നും പ്രചാരണമുണ്ടായി. മത്സരത്തിനില്ലെന്ന് ഉമ്മൻചാണ്ടി തന്നെ വ്യക്തിമാക്കിയിട്ടും അഭ്യൂഹങ്ങൾ അവസാനിച്ചിരുന്നില്ല.
എൻ.ഡി.എ സ്ഥാനാർത്ഥി ഇന്നോ നാളെയോ
ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുളള മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ ഇന്നോ നാളയോ അറിയാമെന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിളളയോ ജനറൽസെക്രട്ടറി കെ.സുരേന്ദ്രനോ എന്നാണ് അറിയേണ്ടത്.