പത്തനംതിട്ട : ഓമല്ലൂർ - താഴൂർക്കടവ് റോഡ് നിർമ്മാണം കരാർ ലംഘിച്ചും ഫണ്ട് അട്ടിമറിച്ചുമാണെന്ന് നാട്ടുകാരുടെ പരാതി. ഓമല്ലൂർ കുരിശുമൂട് ജംഗ്ഷനിൽ നിന്ന് മുള്ളനിക്കാട് വഴി വാഴമുട്ടം സ്കൂൾ ജംഗ്ഷൻ വരെയുള്ള 3.1 കിലോ മീറ്റർ റോഡ് ആധുനിക രീതിയിൽ ടാർ ചെയ്യുന്നതിന് വീണാ ജോർജ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 4.15 കോടി രൂപ ചെലവഴിച്ചാണ് പണി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ നടക്കുന്ന നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ പോലും ആവശ്യമില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മഴപെയ്താൽ വെള്ളം കയറുന്ന റോഡാണിത്. ഓടകൾ തീർക്കാതെയും കലുങ്ക് പണി നടത്താതെയുമാണ് റോഡ് നിർമ്മാണം നടക്കുന്നത്. പണി ആരംഭിക്കുന്നതിന് മുമ്പായി കഴിഞ്ഞ ജൂണിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പന്ത്രണ്ട് പേരടങ്ങുന്ന കമ്മിറ്റി രൂപികരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങൾ നാട്ടുകാരുമായി ബന്ധപ്പെടുകയും വീതി കുറഞ്ഞ ഭാഗങ്ങൾ കണ്ടെത്തുകയും വളവുകൾക്ക് പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ട വസ്തു ഉടമകളുടെ സമ്മതം വാങ്ങുകയും ചെയ്തിരുന്നു. ഈ മാസം 12നാണ് റോഡ് ടാർ ചെയ്യാനുള്ള പണി ആരംഭിച്ചത്. വെള്ളം പോകാനുള്ള ഒരു സംവിധാനവും പാലിക്കാതെ സാധാരണ റോഡ് ടാറിംഗ് നടത്തുന്ന പോലെ തന്നെയാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്. കരാറിൽ ഓടയും കലുങ്കുകളും താഴ്ന്ന പ്രദേശം ഉയർത്തുന്ന പണികളും പൂർത്തിയായ ശേഷം മാത്രമേ ടാർ ചെയ്യാൻ വ്യവസ്ഥയുള്ളു. കരാറെല്ലാം കാറ്റിൽ പറത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
------------------
'' ഇതോടൊപ്പം പണി ആരംഭിച്ചതാണ് ഓമല്ലൂർ - കുളനട റോഡ്. ഇവിടെ ഓടകളുടെ പണി നടക്കുന്നതേയുള്ളു. പ്രളയ ബാധിത പ്രദേശം കൂടിയാണ് ഇവിടെ. വെള്ളക്കെട്ടുകൾ നികത്താനോ കലുങ്ക് നവീകരിക്കാനോ ഓടനിർമ്മിക്കാനോ ഒന്നും തയ്യാറാവാതെ ടാറിംഗ് പണി ആരംഭിച്ചിരിക്കുകയാണ്. ഇനി വരുന്ന മഴയ്ക്ക് ഇവിടം വെള്ളം കയറി നശിക്കും. ഇപ്പോൾ പത്ത് ശതമാനം പണി നടന്നു കഴിഞ്ഞു. നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ''
ജെ.കെ..ടി ജോർജ്
(സാമൂഹ്യ പ്രവർത്തകൻ).