പത്തനംതിട്ട : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചേർന്ന ആന്റോ ആന്റണി എം.പിക്ക് നേതാക്കളും പ്രവർത്തകരും ചേർന്ന് ആവേശകരമായ വരവേൽപ്പ് നൽകി.
ഡൽഹിയിൽ നിന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണെന്നുള്ള വിവരം ഫോണിൽ ലഭിച്ചതിനെ തുടർന്ന് ആദ്യം ഡി.സി.സി ഓഫീസിലാണ് ആന്റോ ആന്റണി എത്തിച്ചേർന്നത്. വിവരമറിഞ്ഞ് നേതാക്കളും പ്രവർത്തകരും ഡിസിസി ഓഫീസിലേക്ക് ഒഴുകിയെത്തി. ആന്റോ ആന്റണിയെ മുദ്രാവാക്യം വിളികളോടെ തോളിലേറ്റി രാജീവ് ഭവൻ മൈതാനിയിൽ എത്തിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, കെ.ജാസിംകുട്ടി, എം.എസ്.പ്രകാശ്, വി.ആർ സോജി, റോജിപോൾ ഡാനിയേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഹരിദാസ് ഇടത്തിട്ട, ജോർജ് മാമ്മൻ കൊണ്ടൂർ, അബ്ദുൾ കലാം ആസാദ് എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
പത്തനംതിട്ടയിൽ വിവിധ മത നേതാക്കൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യർത്ഥിച്ചു.
ഇന്നുമുതൽ 20 വരെ ജില്ലയിലെ പത്ത് ബ്ലോക്കുകളിൽ വൈകിട്ട് അഞ്ച് മുതൽ രാത്രി പത്തുവരെ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിശാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.