തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് എട്ടാം വാർഡിലെ അഞ്ചുപറ കടവിൽ നിന്ന് ആരംഭിക്കുന്ന പൊടിയാടി തോട് നവീകരണത്തിന്റെ മറവിൽ മണ്ണ് കടത്താൻ നീക്കം. നാട്ടുകാരും ഡി.വൈ.എഫ്.എെ പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെ പണികൾ നിറുത്തി. പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് തോട് നവീകരണം ആരംഭിച്ചത്. തോടിന്റെ ഇരുവശങ്ങളിലെയും മണ്ണ് നീക്കി ആഴം കൂട്ടി ജലവിതാനം ഉറപ്പുവരുത്തുകയായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് നീക്കുന്ന മണ്ണ് തോടിന്റെ വശങ്ങളിൽ കരയിൽ ശേഖരിക്കുകയായിരുന്നു. ഇങ്ങനെ ശേഖരിച്ച മണ്ണ് ആണ് സ്വകാര്യ വ്യക്തികൾക്ക് കരാറുകാരൻ വിൽപ്പന നടത്തിയത്. രണ്ടര കി.മീറ്ററിലധികം നവീകരണം നടത്തിയ തോടിന്റെ ഭാഗങ്ങളിൽ നിന്ന് നൂറ് ലോഡിലധികം മണ്ണ് കടത്തിയതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി മണ്ണ് കടത്താൻ വാഹനങ്ങൾ എത്തിയപ്പോൾ പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.എെ പ്രവർത്തകരും പ്രതിഷേധം അറിയിച്ച് വാഹനങ്ങൾ തടഞ്ഞു. സമീപത്തുള്ള സ്വാമികണ്ടം കടത്തിയ മണ്ണ് ഉപയോഗിച്ച് നികത്തിയതായും പരാതിയുണ്ട്. ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.

മണ്ണ് കടത്തിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ചെറുക്കും. തോട് നവീകരണത്തിന്റെ മറവിൽ അധികൃതരുടെ ഒത്താശയോടെയാണ് മണ്ണ് ഖനനം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ വിജിലൻസിന് പരാതി നൽകും.

സോണി എെസക്ക്

ഡി.വൈ.എഫ്.എെ നെടുമ്പ്രം മേഖലാ സെക്രട്ടറി