ചെങ്ങന്നൂർ: സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയെ അടിച്ചു വീഴ്ത്തി ബൈക്കിലെത്തിയയാൾ അഞ്ച് പവന്റെ മാല കവർന്നു. പുലിയൂർ പുത്തൻവീട്ടിൽ മേഴ്സി മത്തായി (51)യുടെ സ്വർണ്ണമാലയാണ് കവർന്നത്. ഇന്നലെ രാവിലെ 7.30ന് ആണ് സംഭവം. മേഴ്സി സ്‌കൂട്ടറിൽ മകൾ രമ്യയുടെ ചങ്ങനാശ്ശേരിയിലുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്നു. മുണ്ടൻകാവ് തൃച്ചിറ്റാറ്റ് അമ്പലത്തിനു സമീപത്തായിരുന്നു അതിക്രമം ഉണ്ടായത്. പിന്നിലൂടെ വന്ന ബൈക്ക് യാത്രികൻ മേഴ്സിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ മുഖമടച്ച് വീണതിനാൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ മോഷ്ടാവ് മാലയുമായി ബൈക്കിൽ കടന്നു. മേഴ്സിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.