drought
പെരിങ്ങര - വൈക്കത്തില്ലം തോടുകൾ സംഗമിക്കുന്ന കണ്ണാട്ടുകുഴി പാലത്തിനു സമീപം നീരൊഴുക്കില്ലാതെ വറ്റിവരണ്ട നിലയിൽ

തിരുവല്ല: കടുത്ത വേനലിൽ പെരിങ്ങര തോട് വറ്റിവരണ്ടു. മണിമലയാറിന്റെ കൈവഴിയായി ഒഴുകുന്ന അഞ്ചു കിലോമീറ്ററോളം ദൈർഘ്യമുള്ള തോടാണിത്. അപ്പർകുട്ടനാടൻ മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കും തോടിന് ഇരുകരകളിലുമുള്ള ജനങ്ങൾ ഗാർഹിക അവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് തോട്ടിലെ വെള്ളമാണ്. വർഷങ്ങൾക്ക് മുമ്പുവരെ വേനൽക്കാലത്ത് പോലും സുലഭമായി ജലം ലഭിച്ചിരുന്നു. വേനൽക്കാലങ്ങളിൽ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനുമായി ജനങ്ങൾ ഈ തോടിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ മലിനജലം കെട്ടി നിൽക്കുന്ന തോട്ടിലേക്കിറങ്ങാൻ ജനം ഭയപ്പെടുകയാണ്. സംരക്ഷണമില്ലായ്മയും കൈയേറ്റവും മാലിന്യ നിക്ഷേപവുമാണ് തോടിന്റെ ദുർഗതിക്ക് ഇടയാക്കിയത്. തോടിന്റെ തുടക്കഭാഗമായ പെരിങ്ങര പാലം മുതൽ ചാത്തങ്കരി തോടുമായി ചേരുന്ന കണ്ണാട്ട് കുഴി വരെയുള്ള ഭാഗത്ത് പലയിടത്തും എക്കൽ അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച നിലയിലാണ്. ബാക്കിയുള്ള ഭാഗങ്ങളിലാകട്ടെ വെള്ളം കലങ്ങിമറിഞ്ഞു കിടക്കുന്നു. തോട് വരണ്ടതോടെ ഇരുകരകളിലുള്ള പല കിണറുകളും വറ്റിത്തുടങ്ങി. തോട്ടിലെ ജലത്തിന് സമാനമായി കിണറുകളിലെ ജലവും നിറംമാറി ഉപയോഗശൂന്യമായി മാറി. ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് രണ്ടു വർഷം മുമ്പ് തോടിന്റെ ആഴംകൂട്ടൽ നടത്തിയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് തോട്ടിൽ നിന്ന് കോരി നീക്കിയ മണ്ണ് തോടിന്റെ ഇരു കരകളിലുമായി നിക്ഷേപിച്ചു. അടുത്ത കാലവർഷത്തോടെ ഇൗ മണ്ണ് വീണ്ടും തോട്ടിലേക്ക് തന്നെ പതിച്ചു. ഇതോടൊപ്പം കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും മാലിന്യങ്ങളും കൂടിയായപ്പോൾ തോട്ടിലെ നീരൊഴുക്ക് തടസപ്പെടുകയായിരുന്നു. തോടിന്റെ പുനരുജീവനത്തിന് ആവശ്യമായ നടപടികൾ സ്വീകരികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.