തിരുവല്ല: പ്രളയദുരന്ത അതിജീവന പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതി അട്ടിമറിക്കുവാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നടപടിക്കെതിരായി മേപ്രാൽ എസ്.ബി.ഐയ്ക്ക് മുമ്പിൽ കുടുംബശ്രീ പ്രവർത്തകർ കൂട്ടധർണ്ണ നടത്തി. കുടുംബശ്രീ അംഗങ്ങൾക്ക് ഒരുലക്ഷം രൂപ വരെ പലിശ രഹിത വായ്പ സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മേപ്രാൽ, കാരയ്ക്കൽ, ഇടിഞ്ഞില്ലം എന്നീ എസ്.ബി.ഐ ശാഖകളിൽ അപേക്ഷ നൽകിയ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ ലഭിക്കാൻ കാലതാമസം നേരിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. കാരയ്ക്കൽ എസ്.ബി.ടിയുടെ പ്രവർത്തനം അവസാനിപ്പിച്ച് മേപ്രാൽ എസ്.ബി.ഐയുമായി സംയോജിപ്പിച്ചതും ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇതിനിടയിൽ ലോൺ അനുവദിക്കുന്നതിലുള്ള കാലതാമസം അന്വേഷിക്കാൻ ചെന്ന ജനപ്രതിനിധികളോട് ഒരു വിഭാഗം ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായി ആക്ഷേപമുണ്ട്.. ഇതിനെതിരെ ജനപ്രതിനിധികൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. കൂട്ടധർണ്ണ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനിമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെയ്ച്ചൽ തോമസ്, സണ്ണി തോമസ്, ജോസ് തുമ്പേലി എന്നിവർ പ്രസംഗിച്ചു.