പത്തനംതിട്ട: ശബരിമലയിൽ കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശി യുവതിയോ അൻപതു കഴിഞ്ഞവരോ? സ്ത്രീയെ തടഞ്ഞ കർമ്മസമിതിക്കാർക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് ചീഫ് ഇറക്കിയ വാർത്താക്കുറിപ്പിൽ യുവതി എന്നാണ്. പമ്പ പൊലീസ് സ്റ്റേഷനിലെ രേഖയിലാകട്ടെ സ്ത്രീക്ക് 56 വയസാണ്. യുവതിയെ തടഞ്ഞ് തള്ളിയിട്ട മർദ്ദിച്ചതിന് എട്ട് കർമ്മസമിതിക്കാർക്കെതിരെ പമ്പ പൊലീസാണ് കേസെടുത്തത്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.

അതേസമയം, സ്ത്രീയെ മർദ്ദിച്ചിട്ടില്ലെന്നും തലയിൽ തുണി മൂടി വന്നതിനാൽ വയസ് ചോദിച്ചതാണെന്ന് കർമ്മ സമിതി നേതാക്കൾ പറഞ്ഞു.

സ്ത്രീ ദർശനം നടത്തിയാണ് മടങ്ങിയത്. വാക്കുതർക്കത്തിനിടെ കർമ്മ സമിതി പ്രവർത്തകൻ ചങ്ങനാശേരി മഞ്ചാടിക്കൽ സ്വദേശി ഗണേഷിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി ഉയർന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ചെന്ന ആരോപണം പൊലീസ് നിഷേധിച്ചു.

കൂടുതൽ യുവതികൾ എത്താമെന്ന കണക്കുകൂട്ടലിൽ കൂടുതൽ കർമ്മസമിതി പ്രവർത്തകർ ശബരിമലയിൽ തമ്പടിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഭർത്താവിനും സഹോദരിമാർക്കും ഒപ്പം എത്തിയ യുവതി ശബരിപീഠത്തിന് സമീപം എത്തിയപ്പോൾ പത്തോളം കർമ്മസമിതിക്കാർ പ്രായം തെളിയിക്കുന്ന രേഖ ചോദിച്ചു. വിസമ്മതിച്ച യുവതിയെ കർമ്മസമിതിക്കർ പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിലെത്തിയ ആറ് യുവതികളെ കർമ്മ സമിതിക്കാർ തടഞ്ഞിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.

ശബരിമലയിൽ ഒൻപതാം ഉത്സവമായ ഇന്ന് പളളിവേട്ട നടക്കും. രാത്രി 9.30ന് പളളിവേട്ട എഴുന്നളളത്ത് നടക്കും. ശരംകുത്തിയിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ അമ്പെയ്താണ് പളളിവേട്ട നടത്തുന്നത്. നാളെയാണ് ആറാട്ട്.