ഗവി: വിനോദ സഞ്ചാരമേഖലയാണെന്ന് പറഞ്ഞിട്ടു കാര്യമില്ല. ഗവിയിലേക്ക് ചെല്ലണമെങ്കിൽ ദുരിതമേറെ താണ്ടണം. പ്രളയകാലത്ത് ഉരുൾപൊട്ടി റോഡിന്റെ പലഭാഗങ്ങളിലെയും ടാറിംഗ് ഒലിച്ചു പോയി കുഴികൾ രൂപപ്പെട്ടു കിടക്കുകയാണ്. മൺപാതയാണോ ടാറിട്ട റോഡാണോയെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. യാത്ര ദുരിതമായതോടെ ഗവിയിലേക്കുള്ള വിനോദ സഞ്ചാരികൾ കുറഞ്ഞു. പെരിയാർ ടൈഗർ സംരക്ഷിത വനമേഖലയായതിനാൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് ടാർ ചെയ്യാനാകില്ല. കടുവ, ആന, പോത്ത്, കരടി തുടങ്ങിയവയുള്ള വനമേഖലയായതിനാൽ നിർമ്മാണ പ്രവർത്തനത്തിന് വനംവകുപ്പ് അനുമതി നൽകില്ല.
പ്രളയത്തിൽ ആങ്ങമുഴി, മൂഴിയാർ, കക്കി, ഗവി മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് പോകുന്ന 75 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് പലഭാഗത്തും ഇടിഞ്ഞുതാണ് കിടക്കുകയാണ്. റോഡിന് മുകളിലും താഴെയും ഉരുൾപൊട്ടി മണ്ണൊലിച്ചുപോയി. ആങ്ങമുഴി മൂഴിയാർ ഭാഗത്താണ് റോഡ് കൂടുതലായി തകർന്നു കിടക്കുന്നത്. മൂഴിയാർ, കാറ്റാടിക്കുന്ന്, കക്കി ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം റോഡ് അപകടാവസ്ഥയിലാണ്. മൂഴിയാർ മുണ്ടൻപാറ ഭാഗത്ത് 14 കിലോമീറ്ററോളമാണ് റോഡ് ഒലിച്ചുപോയത്. ഇവിടെ സംരക്ഷണ ഭിത്തികെട്ടിയാലേ അപകടം ഒഴിവാക്കാൻ കഴിയു. സംരക്ഷണ ഭിത്തിയുമില്ല.
ഒരു വാഹനത്തിന് കഷ്ടിച്ച് പോകാനുള്ള വീതി മാത്രമാണുള്ളത്. ഇരുവശത്തുമുള്ള കാടുകളും മുളയും ഇൗറയുമൊക്കെ റോഡിലേക്ക് വീണ് കിടക്കുന്നതും സഞ്ചാരത്തിന് തടസമാകുന്നുണ്ട്.
-----------
മഴയായാൽ ദുരിതമേറും
പ്രളയത്തിൽ റോഡ് തകർന്നതിനെ തുടർന്ന് പത്തനംതിട്ടയിൽനിന്ന് ഗവിക്കുള്ള കെ. എസ്. ആർ. ടി. സി ബസ് സർവീസ് നിറുത്തിവച്ചിരിക്കയായിരുന്നു. താത്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് സർവീസ് പുനരാരംഭിച്ചത്. മഴപെയ്താൽ വീണ്ടും ഇതുവഴിയുള്ള യാത്ര ദുസഹമാകും. അടുത്ത സമയത്ത് കേന്ദ്രത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുറേഭാഗം ടാർ ചെയ്തിരുന്നു. ആനത്തോട്, പച്ചക്കാനം,കൊച്ചു പമ്പ ഭാഗങ്ങളിൽ റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾ ഗവിയിലെത്തുന്നത് കുറവാണ്. തകർന്ന റോഡിൽക്കൂടി കെ.എസ്.ആർ.ടിസിയും സർവീസ് നടത്തുന്നത് ബുദ്ധിമുട്ടിയാണ്. മിക്ക ദിവസവും ബസിന് തകരാർ സംഭവിക്കുന്നതായി ജീവനക്കാർ പറയുന്നു.
വനത്തിനുള്ളിൽ വച്ച് ബസിന് തകരാർ സംഭവിച്ചാൽ നന്നാക്കി യാത്ര തുടരുക എന്നതും ദുഷ്കരമാണ്. മൂഴിയാർ കഴിഞ്ഞാൽ പിന്നെ വാർത്താ വിനിമയ സംവിധാനങ്ങൾ പോലുമില്ല. കുമളിയിൽ നിന്ന് വണ്ടിപ്പെരിയാർ വഴി ഗവിയിലേക്ക് വരുന്ന ഭാഗവും നിശേഷം തകർന്നുകിടക്കുകയാണ്. തേക്കടി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ വരുന്നവർ വണ്ടിപ്പെരിയാർ വഴി ഗവിയിൽ എത്താറുണ്ട്.
പത്തനംതിട്ട നിന്ന് ഗവി വഴി കുമളിക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസുകളാണ് ഉള്ളത്. രാവിലെ 6.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.30 ന് ഗവിയിൽ നിന്ന് തിരിക്കും. ഉച്ചയ്ക്ക് 12.30 ന് പത്തനംതിട്ട നിന്ന് ഗവി വഴി കുമളിക്കുള്ള ബസ് അടുത്ത ദിവസം രാവിലെയാണ് ഗവിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പുറപ്പെടുന്നത്.
------
ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്കുള്ള 75 കിലോമീറ്റർ തകർന്നു തരിപ്പണമായി