kavitha

തിരുവല്ല: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള പകയിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പത്തനംതിട്ട അയിരൂർ ചരുവിൽ കിഴക്കേതിൽ വിജയകുമാറിന്റെ മകൾ കവിത (20) മരണമടഞ്ഞു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് തിരുവല്ല സെന്ററിലെ മെഡിക്കൽ ഇമേജിംഗ് ടെക്നോളജി വിദ്യാർത്ഥിനിയിരുന്നു. ഈ മാസം 12ന് നടന്ന ആക്രമണത്തിൽ ശരീരമാസകലം പൊള്ളലേറ്റ കവിത എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പനാട് കോയിപ്രം കരാലിൽ വീട്ടിൽ അജിൻ റെജി മാത്യു(18)വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

12ന് രാവിലെ 9.10ന് തിരുവല്ല ചിലങ്ക തീയേറ്ററിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ യുവതി പഠിക്കുന്ന സ്ഥാപനത്തിന് സമീപമായിരുന്നു അതിദാരുണമായ സംഭവം ഉണ്ടായത്. . പട്ടാപ്പകൽ നടുറോഡിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെട്രോളൊഴിക്കും മുമ്പ് പെൺകുട്ടിയെ ഇയാൾ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. യുവാവ് ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെത്തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച അജിൻ റെജി മാത്യു മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ഇയാൾ റാന്നി വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളേജിലെ ബി.എസ് സി ഒന്നാംവർഷ വിദ്യാർത്ഥിയാണ്. കവിതയുടെ സംസ്ക്കാരം പിന്നീട്. മാതാവ്: ഉഷ വിജയകുമാർ. സഹോദരങ്ങൾ: വീണ (നഴ്സ്, കുവൈറ്റ്) വിദ്യ (നഴ്സ്, ബിലീവേഴ്‌സ് ഹോസ്പിറ്റൽ, തിരുവല്ല).