rafeek-

ജിദ്ദയിൽ നിന്ന് പെട്ടി മാറി കയറ്റിവിട്ടു

കോന്നി: സൗദി അറേബ്യയിൽ മരിച്ച കോന്നി സ്വദേശിയായ യുവാവിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കൻ വനിതയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും അമ്പരപ്പിച്ചു.

കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ അബ്ദുൾ റഫാക്ക് -ഫാത്തിമബീവി ദമ്പതികളുടെ മകൻ റഫീഖി (27)ന്റെ മൃതദേഹത്തിന് പകരം 50 വയസ് തോന്നിക്കുന്ന ശ്രീലങ്കൻ വനിതയുടെ മൃതദേഹമാണ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ചത്.

ഫെബ്രുവരി 28നാണ് അബഹയിൽ ഹൗസ് ഡ്രൈവറായിരുന്ന റഫീഖ് താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. അബഹ ഓൾഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജിദ്ദ വിമാനത്താവളത്തിൽ വച്ച് നെടുമ്പാശേരിയിലേക്കുള്ള സൗദി എയർലൈൻസിൽ കയറ്റുമ്പോൾ പെട്ടി മാറി ശ്രീലങ്കൻ വനിതയുടെ മൃതദേഹം അടങ്ങിയ പെട്ടി കയറ്റി വിടുകയായിരുന്നു. റഫീക്കിന്റെ മൃതദേഹം ശ്രീലങ്കയിലേക്കുള്ള വിമാനത്തിലും കയറ്റി വിട്ടു.സുറുമിമോളാണ് റഫീഖിന്റെ ഭാര്യ. ഏകമകൻ റെയ് ഹാൻ.

അറിഞ്ഞത് സംസ്‌കാര ചടങ്ങിനിടെ

നെടുമ്പാശേരിയിൽ റഫീക്കിന്റെ ബന്ധുക്കൾ പെട്ടി ഏറ്റുവാങ്ങി ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ കോന്നി കുമ്മണ്ണൂരിൽ എത്തിച്ച് അവിടെ മുസ്ളിം പള്ളിയിൽ സൂക്ഷിച്ചു. ഇന്നലെ രാവിലെ ഏഴിന് പൊതുദർശനത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു. തുടർന്ന് പള്ളി ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയത്. ഉടനേ മൃതദേഹം പെട്ടിയിലാക്കിയ ശേഷം കോന്നി പൊലീസിൽ അറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ മൃതദേഹം മാറിയെന്ന് സ്ഥിരീകരിച്ചു. മേൽനടപടിക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

റഫീക്കിന്റെ മൃതദേഹം എത്തിക്കാൻ നടപടി
റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.മൃതദേഹം രണ്ടു ദിവസത്തിനകം എത്തിക്കാമെന്ന് കാർഗോ അധികൃതരും ബന്ധുക്കളെ അറിയിച്ചു. ശ്രീലങ്കൻ വനിതയുടെ മൃതദേഹവും അവർതന്നെ ശ്രീലങ്കയിൽ എത്തിക്കും.

അബദ്ധം ഇങ്ങനെ

ഇരുമൃതദേഹങ്ങളും അബഹയിൽ നിന്ന് ജിദ്ദ വരെ സൗദി അറേബ്യൻ വിമാനത്തിലാണ് എത്തിയത്. ജിദ്ദയിൽ നിന്ന് റഫീഖിന്റെ മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ ബഹറൈൻ വഴി കൊളംബോയിലേക്കും ശ്രീലങ്കക്കാരിയുടെ മൃതദേഹം സൗദി എയർ വിമാനത്തിൽ കൊച്ചിയിലേക്കും വിടുകയായിരുന്നു.

മൃതദേഹത്തിനൊപ്പം നൽകിയ രേഖകൾ ശരിയായിരുന്നു. എംബാം ചെയ്ത നമ്പരും സീലും മാറിയതാണ് അബദ്ധത്തിന് ഇടയാക്കിയത്. 35-ാം നമ്പർ പെട്ടിക്ക് പകരം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത് 32-ാം നമ്പർ പെട്ടിയാണ്. കാർഗോ ജീവനക്കാരുടെ പിഴവാണെന്ന് സൗദിയിലെ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു.