പത്തനംതിട്ട : കൽക്കണ്ടം പോലെ എം.ഡി.എം.എ, സ്റ്റാമ്പ് രൂപത്തിൽ എൽ.എസ്.ഡി, കൊക്കെയിൽ, ഹാഷിഷ്, ഹെറോയിൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ലഹരികൾ വ്യാപകമാകുകയാണ്. പലപ്പോഴും പിടിക്കപ്പെടുന്നവരിൽ കൗമാരക്കാരുമുണ്ട്. പലരൂപത്തിലും ഭാവത്തിലും കൗമാരക്കാർക്കിടയിൽ ലഹരി നുരയുന്നു. പിടിക്കപ്പെട്ടാൽ പോലും പലർക്കും കുറ്റബോധം ഇല്ല. ഒരു ഗ്രാം ലഹരിക്ക് അഞ്ഞൂറ് രൂപ മുതലാണ് വില. ഉപയോഗിച്ച് തുടങ്ങുന്നവർ അടിമയായി മാറുകയാണ്. വാങ്ങാനെത്തുന്നവർ പിന്നീട് ഇടനിലക്കാരും വിൽപ്പനക്കാരുമായി മാറുകയാണ്. സ്കൂൾ കുട്ടികൾ മുതൽ എൻജിനീയറിംഗ് ബിരുദധാരികൾ വരെ ലഹരിക്കേസിൽ പിടിയിലായിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി ഉല്പന്നങ്ങൾ ജില്ലയിലെത്തുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും അന്യസംസ്ഥാനക്കാരുമാണ് വാങ്ങുന്നതിലേറെയും. ചെറിയ സൗഹൃദങ്ങളിൽ തുടങ്ങുന്ന ശീലം പിന്നീട് ഊരാക്കുടുക്കായി മാറുകയാണെന്ന് ഇരകൾ സമ്മതിയ്ക്കുന്നു. ജില്ലയിൽ പിടിക്കുന്നതിലധികവും കഞ്ചാവ് കേസുകളാണ്.
നിയമത്തിന്റെ പഴുത്
ഒരുകിലോ കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമേ ജാമ്യം നിഷേധിക്കുകയുള്ളു. ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്ന നിയമമാണ്. ഒരു കിലോ പലർക്കായി വീതിച്ച് പ്രശ്നം പരിഹരിക്കാറുണ്ട്. വലിയ ശിക്ഷ ലഭിക്കാത്തതിനാൽ പലരും വീണ്ടും ലഹരിയിലേക്ക് എത്തും.
തിരിച്ചറിയാൻ മാർഗം വേണം
മദ്യം ഉപയോഗം തിരിച്ചറിയാൻ ആൽക്കോ മീറ്റർ ഉപയോഗിക്കുന്ന പോലെ മയക്കു മരുന്ന് ഉപയോഗം കണ്ടെത്താൻ ഏബൺ കിറ്ര് സംവിധാനം ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ ലഹരി ഉപയോഗം കുറയ്ക്കാനാകും. സ്ക്രീനിംഗ് ടെസ്റ്ര് മാത്രമല്ല, രക്തം, ഉമിനീര്, മറ്റ് സ്രവങ്ങൾ എന്നിവ പരിശോധിച്ചാൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ കഴിയും. ജില്ലയിൽ എൻ.ഡി.പി.എ ഡിറ്റക്ഷൻ കിറ്റ് ഉണ്ടെങ്കിലും ഏബൺ കിറ്റ് ഇല്ല.
ഈ വർഷം മാർച്ച് 21 വരെയുള്ള ലഹരി കേസ്
അബ്കാരി - 223
മയക്കുമരുന്ന് - 76
കോഡ്പാ - 1207
'' നിയമത്തിന്റെ പഴുതുകളിലൂടെയാണ് കഞ്ചാവ് കേസുകളിലെ പ്രതികളധികവും രക്ഷപ്പെടുന്നത്. കനത്ത ശിക്ഷ നല്കാൻ കഴിയണം. വീട്ടിലെ കുട്ടികളോട് മാതാപിതാക്കൾ സംസാരിക്കണം. അവരെ കേൾക്കാൻ കഴിയണം. ഹൈക്കോടതിയിൽ മയക്കുമരുന്നിനെ നേരിടാൻ കേസ് നടക്കുന്നുണ്ട്. ''
-എക്സൈസ് അധികൃതർ