അടൂർ: സ്വന്തമായി ഭൂമിയുണ്ടെങ്കിലും വാടക കെട്ടിടത്തിലെ പരാധീനതകൾക്ക് നടുവിൽ വീർപ്പ് മുട്ടാനാണ് അടൂരിൽ ഫയർ ആൻഡ് റസ്ക്യൂ സേനയ്ക്ക് വിധി. പന്നിവിഴയിലുള്ള ഒരേക്കർ എൺപത് സെന്റ് സ്ഥലം കെട്ടിട നിർമാണത്തിനായി 5 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കൈമാറിയതാണ്. പണം അനുവദിക്കാത്തതാണ് കെട്ടിട നിർമ്മാണം വൈകാൻ കാരണം. ഫണ്ട് ലഭ്യമാക്കാൻ സർ ക്കാരിന് നിരവധി തവണ മരാമത്ത് കെട്ടിടവിഭാഗം കത്ത് നല്കിയെങ്കിലും നടപടിയായില്ല. കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും ഭര ണാനുമതി ലഭിച്ചില്ല. കെട്ടിടത്തിനായി 5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. സെല്ലാറിൽ ഫയർഫോഴ്സ് വാഹനങ്ങളുടെ പാർക്കിംഗും ഒന്നാം നിലയിൽ ജീവനക്കാർക്കുള്ള വിശ്രമകേന്ദ്രവും അതിന് മുകളിലത്തെ നിലയിൽ ഓഫീസ് സംവിധാനവും എന്ന രീതിയിലാണ് കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയത്.
പ്രവർത്തനം ആരംഭിച്ചിട്ട് 30വർഷം പൂർത്തിയായിട്ടും സ്ഥലപരിമിതിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ ഫയർസ്റ്റേഷൻ അവഗണനയിലാണ്. നാല് മുറികളിലായാണ് പ്രവർത്തനം. രാത്രിയിൽ അപകടം ഉണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് വെളിച്ചം എത്തിക്കുന്ന അസ് കലൈറ്റുകൾ, ഹൈട്രോളിക്ക് കട്ടർ, ചെയിൻ സോ, ജനറേറ്റർ, മറ്റ് അത്യാവശ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാനിടമില്ല. താഴത്തെ നിലയിലെ കുടുസ് മുറിയിലാണ് ജീവനക്കാർ വിശ്രമിക്കുന്നത്. മുകളിലത്തെ നിലയിൽ ഓഫീസും.
അടൂർ ഫയർസ്റ്റേഷൻ
അടൂൽ നഗരത്തിൽ എം.സി റോഡിനും ബൈപ്പാസിനും സമീപത്തായി ഹോളിക്രോസ് ജംഗ്ഷന് കിഴക്ക് വശത്ത്.
മൂന്ന് ഷിഫ്റ്റുകളിലായി ഫയർ ഓഫീസർ ഉൾപ്പടെ 40 ജീവനക്കാർ.
1989 മാർച്ച് 31ന് പ്രവർത്തനം ആരംഭിച്ചു.
മൂന്ന് ഫയർ എൻജിനുകൾ, ജീപ്പ്, ആംബുലൻസ് എന്നിവ രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്നു.
ആവശ്യങ്ങൾ ഏറെ
ഗാരേജിൽ രണ്ട് ഫയർ എൻജിനുകൾ പാർക്ക് ചെയ്യാനെ സൗകര്യമുള്ളൂ. എമർജൻസി ടെൻറർ, ചെറിയ റോഡുകളിൽ രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്ന വാട്ടർ മിസ്റ്റ് വാഹനം,വാട്ടർ ലോറി എന്നിവയൊന്നും ഇവിടെയില്ല. വെള്ളത്തിലെ രക്ഷാപ്രവർത്തന ത്തിന് റബർ ഡിങ്കി ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല.