പത്തനംതിട്ട: എൽ.ഡി.എഫ് രണ്ടാം ഘട്ട പ്രചാരണത്തിൽ. യു.ഡി.എഫ് ആദ്യഘട്ടത്തിന്റെ അവസാന ലാപ്പിലേക്ക്. പത്തനംതിട്ട മാത്രം ഒഴിച്ചിട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ നിരാശരായി ബി.ജെ.പി അണികൾ. ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം ഇതുവരെ ഇടതു, വലതു മുന്നണികൾ തമ്മിലുളള മത്സരമായി മുന്നേറുകയാണ്. ചുവരുകളിൽ ഇരു മുന്നണികളുടെ സ്ഥാനാർത്ഥികൾ നിറഞ്ഞു. ഗോദയിലേക്ക് ഇറങ്ങാൻ സജ്ജരായ ബി.ജെ.പി അണികൾ പോരാളിയെ കിട്ടാത്തതിന്റെ ആശങ്കയിലാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജാേർജ് മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം തകൃതിയായി നടത്തുന്നു. എൽ.ഡി.എഫിന്റെ സംഘടനാ സംവിധാനം മുഴുവനും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥിയുടെ പര്യടന സ്ഥലങ്ങളിൽ ആവേശം പ്രകടമാണ്.

യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആന്റോ മണ്ഡലത്തിലെമ്പാടും ആദ്യഘട്ടം ഒാട്ട പ്രദക്ഷിണം നടത്തി. പ്രവർത്തകരെ ഇളക്കി തിരഞ്ഞെടുപ്പ് രംഗം സജീവമാക്കി.

അണിയറയിൽ കണ്ണുംനട്ട് ബി.ജെ.പി പ്രവർത്തകർ,

കോൺഗ്രസ് നേതാവിനായി ചരടുവലിയെന്ന് അഭ്യൂഹം

ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. എന്നാൽ, പത്തനംതിട്ടയെ മാത്രം ഒഴിവാക്കി കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതെന്തിന് എന്ന ചോദ്യത്തിന് നേതൃത്വത്തിന് ഉത്തരമില്ല. എല്ലാ കാര്യങ്ങളും ഡൽഹിയിലാണ് നടക്കുന്നതെന്ന് അവർ പറയുന്നു. പ്രഖ്യാപനം വൈകുന്തോറും പുതിയ അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദനായിരിക്കും സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പിച്ചാതാണ്. എന്നാൽ, സ്ഥാനാർത്ഥി പട്ടികയിൽ സുരേന്ദ്രന്റെ പേരില്ലാതിരുന്നത് അണിയറയിൽ എന്തോ കളികൾ നടക്കുന്നുവെന്ന് തോന്നലുണ്ടാക്കി. ജില്ലയിലെ ഒരു പ്രബല നേതാവ് ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തുവരുമെന്ന് ഇന്നലെ കേട്ടു. അത് കോൺഗ്രസ് നേതാവ് പി.ജെ.കുര്യനാണോ എന്ന ചോദ്യവും ശക്തമായി. ചില ഒാൺലൈൻ ചാനലുകളിൽ അത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുകയുമാണ്ടായി. സത്യമാണോ എന്നറിയാൻ ബന്ധപ്പെട്ടവരോട് പി.ജെ കുര്യൻ പൊട്ടിത്തെറിച്ചു. ഞാനെന്തിന് ഇതിനൊക്കെ മറുപടി പറയണം എന്നാണ് അദ്ദേഹം ക്ഷോഭിച്ച് ചോദിക്കുന്നത്. പി.ജെ.കുര്യനു വേണ്ടി ഡൽഹിയിൽ ചരടുവലി നടക്കുന്നുവെന്ന് അഭ്യൂഹം പരക്കുമ്പോഴും അദ്ദേഹം യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു.

ഏതായാലും കോൺഗ്രസുകാരിലും ആശങ്ക പടർന്നു. കുര്യൻ സാർ ബി.ജെ.പിയിൽ പോകുമോയെന്ന് അണികൾ പരസ്പരം ചോദിക്കുന്നു. എന്നാൽ, ജില്ലയിലെ ബി.ജെ.പി നേതാക്കൾ 99ശതമാനം ഉറപ്പിക്കുന്നു, സ്ഥാനാർത്ഥി സുരേന്ദ്രൻ തന്നെയെന്ന്.