sat

കോന്നി: സൗദി കാർഗോ അധികൃതരുടെ അനാസ്ഥമൂലം പരസ്പരം മാറി അയച്ച മൃതദേഹങ്ങൾ ഇരുവരുടെയും നാടുകളിൽ തിരിച്ചയയ്ക്കാനുള്ള നടപടികൾ തുടങ്ങി. കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ റഫീഖിന്റെ (27) മൃതദേഹം ഇന്ന് നാട്ടിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. പെട്ടികൾ മാറിയ സംഭവം വിവാദമായതോടെ നോർക്ക റൂട്ട്സ് അധികൃതർ നേരിട്ടെത്തിയാണ് നടപടികൾ കൈക്കൊണ്ടത്.

ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിക്കാനുള്ള കാത്തിരിപ്പിലാണ് വീട്ടുകാരും നാട്ടുകാരും. ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹമാണ് റഫീഖിന്റെ മൃതദേഹത്തിന് പകരം കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ എത്തിച്ചത്. കബറടക്ക ചടങ്ങുകൾക്കിടെയാണ് മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്. തുടർന്ന് പൊലീസ് എത്തി ശ്രീലങ്കൻ വനിതയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇരു മൃതദേഹങ്ങളും സൗദി അറേബ്യയിലെ അബ്ബയിൽ നിന്നു ജിദ്ദ വരെ സൗദി അറേബ്യൻ വിമാനത്തിലാണ് എത്തിയത്. ജിദ്ദയിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ ഒരു മൃതദേഹം ബഹറിൻ വഴി കൊളംബോയിലേക്കും മറ്റൊന്ന് സൗദി അറേബ്യൻ വിമാനത്തിൽ നെടുമ്പാശേരിയിലേക്കുമാണ് എത്തിച്ചത്. പെട്ടി നമ്പർ മാറിപ്പോയതാണ് പ്രശ്നമായത്. 35-ാം നമ്പർ പെട്ടിക്ക് പകരം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത് 32-ാം നമ്പർ പെട്ടിയാണ്. സംഭവം വിവാദമായതോടെ കാർഗോ അധികൃതർ കോന്നി പൊലീസുമായും വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നു. തുടർന്ന് കാർഗോ അധികൃതരുടെ നേതൃത്വത്തിൽ എംബസിയും നോർക്കയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ വീണ്ടെടുത്ത് യഥാസ്ഥലങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. നോർക്ക അധികൃതർ ഇന്നലെ

കോന്നിയിൽ എത്തിയിരുന്നു. സൗദി അറേബ്യയിലെ അബഹയിൽ ഹൗസ് ഡ്രൈവറായിരുന്ന റഫീഖ്

കഴിഞ്ഞ ഫെബ്രുവരി 28നാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ശ്രീലങ്കൻ വനിതയുടെ മൃതദേഹം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വനിതയുടെ മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി. മജിസ്‌ട്രേട്ട് ഉത്തരവ്, പൊലീസ് റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട്, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വിട്ടുകിട്ടാനുള്ള ഉത്തരവ് എന്നിവ കോന്നി സി.ഐ അഷാദ് ഇന്നലെ സൗദി കാർഗോയുടെ കൊച്ചി എയർപോർട്ടിലെ ഓഫീസിൽ നൽകി. കാർഗോ അധികാരികൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി ഏ​റ്റുവാങ്ങിയ മൃതദേഹം എംബാം ചെയ്യാൻ അങ്കമാലി ലി​റ്റിൽ ഫ്‌ളവർ ഹോസ്പി​റ്റൽ മോർച്ചറിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന്‌ ശ്രീലങ്കയിലേക്ക് കൊണ്ടുപോകാൻ കഴിയും.