udf

റാന്നി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലെ നിരോധനാജ്ഞ ലംഘിച്ച കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ ഇന്നലെ റാന്നി ഗ്രാമ ന്യായാലയം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. യു.ഡി.എഫ് കൺവീനറും ചാലക്കുടി പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയുമായ ബെന്നി ബഹനാൻ, കൊല്ലം സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ, പത്തനംതിട്ട സ്ഥാനാർത്ഥി ആന്റോ ആന്റണി എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം ജാമ്യമെടുത്തു.
മറ്റൊരു ദിവസം പരിഗണിക്കാനിരിക്കുകയായിരുന്ന കേസിൽ നേതാക്കൾ മുൻകൂറായി ജാമ്യം നേടുകയായിരുന്നു. അതിനാൽ മറ്റ് കേസുകൾ വിളിച്ചതിനു ശേഷമാണ് ഇവരുടെ കേസ് പരിഗണിച്ചത്. അഭിഭാഷകരായ കെ.എസ് ശിവകുമാർ, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ എന്നിവരാണ് നേതാക്കൾക്ക് വേണ്ടി ഹാജരായത്. രാവിലെ 11നെത്തിയ നേതാക്കളെ സ്വീകരിക്കാൻ നിരവധി പ്രാദേശിക നേതാക്കളും, പ്രവർത്തകരും ഉണ്ടായിരുന്നു.