പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ മത്സരചിത്രം തെളിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി നിലവിലെ എം.പി ആന്റോ ആന്റണിയും, എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് എം.എൽ.എയും പ്രചാരണത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കെയാണ് സുരേന്ദ്രന്റെ വരവ്. കൊണ്ടുപിടിച്ച പ്രചാരണത്തിലൂടെ ഇവർക്കൊപ്പമെത്താനാണ് ഇന്നു മുതൽ ബി.ജെ.പി പ്രവർത്തകരുടെ ശ്രമം.
ശബരിമല വിഷയത്തിൽ സംഘപരിവാർ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന കെ.സുരേന്ദ്രൻ വന്നതോടെ ശക്തമായ ത്രികോണപ്പോരിനാണ് പത്തനംതിട്ടയിൽ കളം ഒരുങ്ങുന്നത്. സ്ഥാനാർത്ഥിയെ വളരെ നേരത്തേ പ്രഖ്യാപിച്ച് എൽ.ഡി.എഫ് രണ്ടാംഘട്ട പ്രചാരണത്തിലാണ്. പാർലമെന്റ് മണ്ഡലം കൺവെൻഷനാേടെ യു.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്കമിട്ടു.
ബി.ജെ.പിയുടെ ആദ്യത്തെയും രണ്ടാമത്തെയും സ്ഥാനാർത്ഥി പട്ടികയിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് പ്രവർത്തകരെ നിരാശപ്പെടുത്തിയിരുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം തിരഞ്ഞെടുപ്പിനു സജ്ജമാക്കിയെങ്കിലും നായകനില്ലാത്ത പടയെപ്പോലെയായിരുന്നു ബി.ജെ.പി ക്യാമ്പ്.
കെ. സുരേന്ദ്രന്റെ പത്തനംതിട്ടയിലെ കന്നി അങ്കമാണ്. 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കാസർകോട്ട് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു.
യു.ഡി.എഫ്:
ആന്റോ ആന്റണി
2009 മുതൽ പത്തനംതിട്ടയുടെ എം.പി. ഇത്തവണ ഹാട്രിക് ലക്ഷ്യം. 2004ൽ കോട്ടയം മണ്ഡലത്തിൽ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സ്വദേശം കോട്ടയം ജില്ലയിലെ പൂഞ്ഞാർ. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി പൊതുരംഗത്ത്. നിയമബിരുദധാരി. 2009ൽ പത്തനംതിട്ടയിൽ സി.പി.എമ്മിന്റെ കെ.അനന്തഗോപനെ 111,206 വോട്ടുകൾക്ക് തോൽപ്പിച്ചു. 2014ൽ സി.പി.എമ്മിലെ പീലിപ്പോസ് തോമസിനെ 56,191 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ഭാര്യ: ഗ്രേസ് ആന്റണി. മക്കൾ: മെറിൻ ആന്റണി, കെവിൻ ആന്റണി.
എൽ.ഡി.എഫ്:
വീണാ ജോർജ്
നിലവിൽ ആറന്മുള എംഎൽഎ. എം.എസ്‌സി ബി.എഡ് ബിരുദധാരി. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. ശിവദാസൻ നായരെ പരാജയപ്പെടുത്തി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അദ്ധ്യാപികയായിരിക്കെ മാദ്ധ്യമ രംഗത്തെത്തി. മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിൽ ന്യൂസ് റീഡർ, റിപ്പോർട്ടർ, ആങ്കർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം പത്തനംതിട്ട ഏരിയാ കമ്മറ്റി അംഗം.
ഭർത്താവ് ഡോ.ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ്.
എൻ.ഡി.എ:
കെ.സുരേന്ദ്രൻ
കോഴിക്കോട് ഉള്ളിയേരി സ്വദേശി. രസതന്ത്രത്തിൽ ബിരുദം. ഇപ്പോൾ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി. യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്. 2016ൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് 89 വോട്ടുകൾക്ക് മുസ്ളിംലീഗ് സ്ഥാനാർത്ഥി പി.ബി.അബ്ദുൾ റസാഖിനോട് പരാജയം. ശബരിമലയിലെ യുവതീ പ്രവേശന പ്രതിഷേധത്തിൽ പങ്കെടുത്ത് ദീർഘനാൾ ജയിൽവാസം. മണ്ഡലകാലത്ത് പത്തനംതിട്ടയിലേക്കുള്ള പ്രവേശനം മൂന്നു മാസത്തേക്ക് കോടതി വിലക്കി.
ഭാര്യ: ഷീബ. മക്കൾ: ഹരികൃഷ്ണൻ, ഗായത്രി ദേവി.