തിരുവല്ല: നഗരത്തിലെ തിരക്കേറിയ ഹെഡ് പോസ്റ്റ് ഓഫീസ് റോഡിന്റെ തകർച്ച യാത്രക്കാരെ ദുരിതത്തിലാക്കി. എം.സി റോഡിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി മാവേലിക്കര റോഡിൽ ബി.എസ്.എൻ.എല്ലിന് സമീപം എത്തിച്ചേരുന്ന പ്രധാന വഴിയാണിത്. റോഡിലാകെ വലിയ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളേറെയായി. വാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങളുണ്ടാകുന്നു. മാവേലിക്കര ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ചെങ്ങന്നൂർ, ചെയർമാൻസ് റോഡ് എന്നിവിടങ്ങളിലേക്ക് തിരിഞ്ഞു പോകുന്നത് ഇതുവഴിയാണ്. കുരിശുകവലയിലെ ഗതാഗതക്കുരുക്കിൽ നിന്നൊഴിവായി പോകാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡിന് 150 മീറ്ററാണ് ദുരം. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി പോകുന്നത്. ബാങ്കുകളും കെ.എസ്.എഫ്.ഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ റോഡരികിലാണ്. തിരുവല്ലയിലെ ഒട്ടുമിക്ക റോഡുകൾക്കും പണം അനുവദിച്ച് നിർമ്മാണം തുടങ്ങിയിട്ടും ഹെഡ് പോസ്റ്റ് ഓഫീസ് റോഡിന്റെ ശനിദശ മാറുന്നില്ല. എപ്പോഴും നല്ല തിരക്കുള്ള റോഡായിട്ടും അറ്റകുറ്റപ്പണിക്ക് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.