പത്തനംതിട്ട സീറോയിൽ നിന്ന് എ പ്ളസിലേക്ക് ഉയർന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയവും ബി.ജെ.പി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രന്റെ രംഗപ്രവേശവും മണ്ഡലത്തിന് ഗ്ളാമർ പകർന്നു. നരേന്ദ്രമോദിയുടെ മനസിൽ പതിഞ്ഞ പത്തനംതിട്ട ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയം.
സുരേന്ദ്രൻ എതിരാളിയേ അല്ലെന്നും ബി.ജെ.പി എന്തൊക്കെ തന്ത്രങ്ങൾ പ്രയോഗിച്ചാലും വിജയം തങ്ങൾക്കാകുമെന്നും ഇടത്, വലതു മുന്നണികൾ ആവേശത്തോടെ പറയുന്നു. അട്ടിമറി പ്രതീക്ഷിച്ചോളൂ എന്ന് എൻ.ഡി.എയുടെ മറുപടി.
'ആറന്മുള മോഡൽ' വികസനം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കാനാണ് എൽ.ഡി.എഫിന്റെ വീണാ ജോർജ് വോട്ടു ചോദിക്കുന്നത്. പത്തു വർഷത്തെ വികസനത്തിന്റെ പ്രോഗ്രസ് കാർഡുമായി യു.ഡി.എഫിലെ ആന്റോ ആന്റണിയും സജീവം. മോദി സർക്കാരിന്റെ വികസനവും വിശ്വാസവും അജണ്ടയാക്കുകയാണ് കെ.സുരേന്ദ്രൻ.
വീണാജോർജിനെ സ്ഥാനാർത്ഥിയായി നേരത്തേ പ്രഖ്യാപിച്ച് എൽ.ഡി.എഫ് രണ്ടാംഘട്ട പ്രചരണത്തിലാണ്. ഒപ്പമെത്താൻ ആന്റോ ആന്റണി മണ്ഡലത്തിൽ ഒാട്ടപ്രദക്ഷിണത്തിലും. സ്ഥാനാർത്ഥി വൈകിപ്പോയതിന്റെ ക്ഷീണം മാറ്റാൻ റോഡ് ഷോയുമായി കെ.സുരേന്ദ്രൻ കളം പിടിക്കുന്നു. പൂഞ്ഞാറിൽ നിന്ന് പി.സി.ജോർജ് തേരുംതെളിച്ചു വരുന്നു. ജോർജ് ഉറച്ചു നിന്നാൽ മണ്ഡലത്തിൽ ചതുഷ്കോണ മത്സരം.
വേനൽ 38 ഡിഗ്രിയിലെത്തിയിട്ടുണ്ട് മണ്ഡലത്തിൽ. അതേ ചൂട് പ്രചാരണത്തിനുമുണ്ട്. 2009-ലും 2014-ലും കണ്ട തിരഞ്ഞെടുപ്പ് കളമല്ല ഇപ്പോൾ. ശബരിമല വിഷയമാണ് പത്തനംതിട്ടയെ മാറ്റിമറിച്ചത്. വികസനം എത്ര പറഞ്ഞാലും ശബരിമല അടിയൊഴുക്കായേക്കും. കെ.സുരേന്ദ്രനെ കളത്തിലിറക്കി ശബരിമലയുടെ പേരിൽ ബി.ജെ.പി തങ്ങളുടെ വേട്ടു തട്ടുമെന്ന് ഇടതു, വലതു മുന്നണികൾക്ക് ആശങ്കയുണ്ട്. മറുമരുന്നിന് സംസ്ഥാന സർക്കാരിന്റെയും എം.എൽ.എയുടെയും പ്രവർത്തന നേട്ടം കൂടുതൽ ചർച്ച ചെയ്യുകയാണ് ഇടതുമുന്നണി. എം.പിയുടെ പ്രവർത്തന മികവിനൊപ്പം പ്രളയം മനുഷ്യ നിർമിതമെന്നും സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസം പാഴ്വേലയായെന്നും മോദി വീഴുമെന്നും പ്രചരിപ്പിക്കുന്നു, യു.ഡി.എഫ്.
2014ലെ ഭൂരിപക്ഷ കണക്ക് നോക്കായാൽ മണ്ഡലം എങ്ങോട്ടുവേണമെങ്കിലും ചായാം. ആന്റോയുടെ ഭൂരിപക്ഷം 56,191 വോട്ടായിരുന്നു. മണ്ഡലം പിടിക്കാൻ പറ്റിയ സ്ഥാനാർത്ഥി വീണാ ജോർജെന്ന് എൽ.ഡി.എഫ് കണ്ടെത്തിയത് വിജയം പ്രതീക്ഷിച്ചു മാത്രമല്ല. ശബരിമല വിഷയത്തിൽ നടത്തിയ സംസ്ഥാന സർക്കാരിന്റെ നവോത്ഥാന നിലപാടുകൾക്കുളള അംഗീകാരം തേടലുമാണ് വീണയുടെ സ്ഥാനാർത്ഥിത്വം. എന്നാൽ, പരമ്പരാഗത യു.ഡി.എഫ് മണ്ഡലമെന്ന് പേരിന് ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. 2009-ലെ 1,11,206 ഭൂരിപക്ഷം 2014-ൽ പകുതിയായി കുറഞ്ഞത് കോൺഗ്രസ് വിമതൻ പീലിപ്പോസ് തോമസ് സ്ഥാനാർത്ഥിയായി രംഗത്തു വന്നതുകൊണ്ടാണെന്നാണ് യു.ഡി.എഫ് വാദം.
കഴിഞ്ഞ തവണ 1,38,954 വോട്ടു നേടിയ ബി.ജെ.പി തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു നില രണ്ടു ലക്ഷമെത്തിച്ചു. മോദി ഭരണവും ശബരിമല വിഷയവും മണ്ഡലത്തിന്റെ മനസിനെ ബി.ജെ.പിക്കൊപ്പം നിറുത്തുമെന്ന് അവർ അവകാശപ്പെടുന്നു. ശബരിമല സമരത്തിൽ ജയിൽ വാസമനുഭവിച്ച വീരനായകനെ രംഗത്തിറക്കിയത് എൻ.ഡി.എ ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.