പത്തനംതിട്ട: വികസനം വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ മുന്നണി നേതാക്കൾക്ക് ഭയമില്ല. വികസനം വന്ന വഴിയും അതിനു കാരണക്കാരെയും നയങ്ങളെയും ചൊല്ലിയാണ് തർക്കം. പത്തനംതിട്ടയിൽ വിജയമുറപ്പിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണം തുടരുന്നത്.
പത്തനംതിട്ട പ്രസ്‌ക്ലബിന്റെ ജനവിധി 2019 തിരഞ്ഞെടുപ്പ് സംവാദം പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജും, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയനും, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായരും വാദങ്ങൾ നിരത്തി. എം.ബിജുമോഹൻ മോഡറേറ്ററായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും സുമേഷ് ചിറ്റാർ നന്ദിയും പറഞ്ഞു.
....
എൽ.ഡി.എഫ് നയം ജനം അംഗീകരിക്കും: എ.പി.ജയൻ
കഴിഞ്ഞ 1000 ദിനങ്ങളിൽ കേരളം കണ്ട പ്രവർത്തനം മതി ജനം പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് ചെയ്യാനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ. കാർഷിക മേഖലയിൽ ഉയർത്തെഴുന്നേല്പ് ഉണ്ടായി. തരിശുകിടന്ന പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നു. പൊതുവിദ്യാലങ്ങൾ മെച്ചപ്പെട്ടു. വികസന കാഴ്ചപ്പാടുളള എം.എൽ.എയെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്. 10 വർഷത്തിനിടെ എം.പിക്ക് ഒന്നും ചെയ്യാനായില്ല. തിരുവല്ല റെയിൽവേ സ്റ്റേഷന്റെ സ്ഥിതി ഏറെ ശോചനീയമാണ്. ദേശീയപാതകൾ പ്രഖ്യാപിച്ചെങ്കിലും എത്രയെണ്ണം പൂർത്തീകരിച്ചു. പ്രളയകാലത്ത് ജനങ്ങളോടൊപ്പം എൽ.ഡി.എഫ് ജനപ്രതിനിധികൾ നിന്നു. എന്നാൽ എം.പിയെ കണ്ടതേയില്ലെന്ന് ജനം പറയുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എം.പിയുടെ ഭൂരിപക്ഷം കുറയ്ക്കാനായി. ഇത്തവണ അദ്ദേഹം പരാജയപ്പെടും. ചരിത്രനേട്ടം എൽ.ഡി.എഫ് ആവർത്തിക്കും. എൻ.ഡി.എയ്ക്ക് യാതൊരു ഗുണവും പത്തനംതിട്ടയിൽ ലഭിക്കില്ല. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്രമോദി ഭരണം മാറണമെന്ന ചിന്താഗതിയാണ് കേരളത്തിലെ ജനങ്ങൾക്കുളളത്.
...
പദ്ധതികൾ എൽ.ഡി.എഫ് അക്കൗണ്ടിലാക്കരുത്: ബാബു ജോർജ്
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ പദ്ധതികളെ പിണറായി സർക്കാരിന്റെ ആയിരം ദിന നേട്ടങ്ങളായി എൽ.ഡി.എഫ് അവതരിപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്. ആറന്മുളയിൽ വീണാ ജോർജ് എം.എൽ.എ നടത്തിയതായി പറയുന്ന നേട്ടങ്ങൾ കെ.ശിവദാസൻ നായർ എം.എൽ.എ ആയിരിക്കുമ്പോൾ അനുവദിച്ചതാണ്. അന്ന് അനുമതിയായ പല പദ്ധതികളെയും ഇപ്പോൾ കിഫ്ബിയിൽ ഉൾപ്പെടുത്തി. ആറന്മുളയിലെ നെൽകൃഷി പരാജയമായിരുന്നു. ആറന്മുള അരി വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. ആറന്മുള വിമാനത്താവള സമരത്തിന്റെ പേരിൽ കുടിൽകെട്ടി താമസിപ്പിച്ച പാവപ്പെട്ട കുടുംബങ്ങൾ വഴിയാധാരമായി. പ്രളയബാധിതരെ വഞ്ചിച്ചു. 10000 രൂപ പോലും ലഭിക്കാത്ത നിരവധിയാളുകളുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്ര സർക്കാരിൽ നിന്ന് കോടി കണക്കിനു രൂപ പത്തനംതിട്ട മണ്ഡലത്തിനു ലഭിച്ചു. മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങൾ ജില്ലയിലുണ്ട്. രണ്ടും ആന്റോ ആന്റണി എം.പിയായതിനുശേഷം സ്ഥാപിച്ചതാണ്. നിരവധി റോഡുകൾക്ക് കേന്ദ്രഫണ്ട് ലഭിച്ചു. പത്തനംതിട്ട ഇൻഡോർ സ്‌റ്റേഡിയത്തിന് അനുമതി ലഭിച്ചു.
....
ഇടതിനും വലതിനും വികസന കാഴ്ചപ്പാടില്ല: ഷാജി ആർ. നായർ
കേരളം മാറിമറിച്ച ഇരുമുന്നണികൾക്കും വികസനരംഗത്ത് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായർ പറഞ്ഞു. എം.പി തികഞ്ഞ പരാജയമാണ്. പത്തനംതിട്ടയ്ക്ക് എൻ.ഡി.എ വികസനരേഖ അവതരിപ്പിക്കും. തീർത്ഥാടന ടൂറിസം, കാർഷികം, വ്യവസായം തുടങ്ങിയ മേഖലകളിൽ ജില്ലയ്ക്ക് സാദ്ധ്യതകളുണ്ട്. റബറിനെ കാർഷികവിളയാക്കുന്നത് തത്വത്തിൽ തീരുമാനമായിട്ടുണ്ട്. കർഷക വായ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ പേരിൽ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. കിസാൻ സമ്മാൻ പദ്ധതിയിൽ ജില്ലയിൽ 71000 പേർക്ക് ആദ്യ ഗഡു ലഭിച്ചു. ശബരി റെയിൽപാത പൂർത്തീകരിക്കുന്നതിനൊപ്പം പുനലൂരിലേക്ക് പാത ദീർഘിപ്പിക്കുകയും തകഴി - പത്തനംതിട്ട ലിങ്ക് പാത ഉണ്ടാകുകയും വേണം. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ വികസിപ്പിക്കണം. ദേശീയപാതകൾക്കടക്കം കേന്ദ്രഫണ്ട് അനുവദിച്ചപ്പോഴും സ്ഥലമേറ്റെടുക്കൽ അടക്കം പ്രശ്‌നങ്ങളിൽ കുടുങ്ങി ഇത് ചെലവഴിക്കാൻ ആയിട്ടില്ല. രാഹുൽ ഗാന്ധിയെ എൽ.ഡി.എഫ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുമോയെന്നു വ്യക്തമാക്കണം.