പത്തനംതിട്ട: തിരഞ്ഞെടുപ്പ് കളം കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളുടെയും അമരക്കാർ ഇന്ന് ജില്ലയിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒൻപതരയ്ക്ക് ചെന്നീർക്കര കോളനിയിൽ കുടുംബസംഗമത്തിൽ പങ്കെടുക്കും. പത്തിന് ഡി.സി. സി ഒാഫീസിൽ ഇതുവരെയുളള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. തുടർന്ന് ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഹാജരായി ജാമ്യം എടുക്കും. എം.കെ. മുനീർ, പി.ജെ.ജോസഫ്, പഴകുളം മധു, സി.പി.ജോൺ, ജോണി നെല്ലൂർ, വെട്ടൂർ ജ്യോതിപ്രസാദ് എന്നിവരും ജാമ്യമെടുക്കും. കോടതിക്കു പുറത്തു നിന്ന് നഗരത്തിലേക്ക് സ്വീകരണം നൽകും. ഉച്ചയ്ക്ക് രണ്ടിന് കോന്നിയിലും വൈകിട്ട് നാലിന് റാന്നിയിലും നിയാേജക മണ്ഡലം കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും.
സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് രാവിലെ പത്തിന് സി.പി.എെയുടെ മീഡയ റൂം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്യും. പ്രസ് ക്ളബിൽ മീറ്റ് ദ പ്രസ് പരിപാടിയിലും പങ്കെടുക്കും.
എൻ.ഡി.എ പത്തനംതിട്ട പാർലമെന്റ് കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള ഉദ്ഘാടനം ചെയ്യും.