തിരുവല്ല : സ്ഥാനാർത്ഥികളുടെ പ്രചാരണം ശക്തമാക്കാൻ എൻ.ഡി.എ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. എൻ.ഡി.എയുടെ പ്രചാരണത്തിന് വേഗത കൂട്ടിയെങ്കിൽ മാത്രമേ ഇരുമുന്നണികൾക്കും ഒപ്പമെത്താൻ കഴിയൂ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിന്റെ കുറവ് പ്രചാരണത്തിൽ പ്രകടമാകാൻ പാടില്ല. കേരള കാമരാജ് കോൺഗ്രസ്, ശിവസേന കേരള ഘടകം, എ.ഐ.ഡി.എം.കെ, ഡെമോക്രാറ്റിക് ലേബർ പാർട്ടി എന്നിവ എൻ.ഡി.എയിൽ ചേർന്നതായി പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു. വയനാട്ടിൽ മത്സരിക്കുമെന്ന് കേട്ട രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നത് സി.പി.എം സമ്മർദ്ദം മൂലമാണെന്ന് ശ്രീധരൻപിള്ള അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇരുപത് മണ്ഡലത്തിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് എൻ.ഡി.എ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടന ഓർഗനൈസിംഗ് സെക്രട്ടറി എം. ഗണേശൻ, കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, വൈസ് പ്രസിഡന്റ് അഹമ്മദ് തോട്ടത്തിൽ, പി.എസ്.പി സംസ്ഥാന ചെയർമാൻ കെ.കെ. പൊന്നപ്പൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എം. ഗിരി, എൽ.ജെ.പി സംസ്ഥാന ചെയർമാൻ എം. മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി സാജു പോൾസൺ, എൻ.ഡി.എ മാവേലിക്കര മണ്ഡലം സ്ഥാനാർത്ഥി തഴവ സഹദേവൻ എന്നിവർ പങ്കെടുത്തു.