ജാതീയമായ അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട
പത്തനംതിട്ട: വികസനവും പ്രളയവും ശബരിമലയുമാണ് പത്തനംതിട്ടയിൽ ചർച്ചയാകുന്ന പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ. ത്രികോണ മത്സരത്തിന് തീവ്രത കൂടുമ്പോഴേക്കും ശബരിമല വിഷയത്തിലെ അടിയൊഴുക്ക് മത- സാമുദായിക ധ്രുവീകരണത്തിനു വഴിവയ്‌ക്കുമോ എന്നതാണ് ചോദ്യം.
മണ്ഡലത്തിന്റെ ചരിത്രത്തിൽ രാഷ്ട്രീയ ചായ‌്‌വുകൾക്കൊപ്പം മത- സാമുദായിക സ്വാധീനത്തിന് വലിയ പ്രധാന്യമുണ്ട്. ജനസംഖ്യയിൽ ഹിന്ദുക്കളാണ് കൂടുതലെങ്കിലും തിരഞ്ഞെടുപ്പിലെ വിധി നിർണയത്തിൽ ക്രിസ്ത്യൻ സഭകളുടെ നിലപാടാണ് നിർണായക സ്വാധീനം ചെലുത്തുക. ഇക്കാര്യം കൂടി പരിഗണിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും ഇത്തവണയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
30 ശതമാനം വരുന്ന ക്രിസ്ത്യൻ വിഭാഗത്തിലെ പ്രബലരായ കാത്തലിക്, ഒാർത്തഡോക്സ് വിഭാഗങ്ങളിൽ നിന്നുളളവരാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ. കത്തോലിക്കാ വിഭാഗക്കാരനാണ് യു.ഡി.എഫിന്റെ ആന്റാേ ആന്റണി. വീണാ ജോർജ് ആകട്ടെ, ഒാർത്തഡോക്‌സുകാരിയും. പൂഞ്ഞാർ, കാഞ്ഞിരപ്പളളി നിയമസഭാ മണ്ഡലങ്ങളിൽ കത്തോലിക്കരാണ് കൂടുതൽ. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിൽ ഒാർത്തഡോക്‌സ് വിഭാഗത്തിനും ആറന്മുള, റാന്നി മണ്ഡലങ്ങളിൽ മാർത്തോമ്മാ സഭയ്ക്കും സ്വാധീനം കൂടുതലാണ്. ആറന്മുളയിൽ പെന്തക്കോസ്ത് വിഭാഗവും നിർണായം.
ഒാർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കങ്ങളിലെ സർക്കാർ നിലപാടിൽ അസ്വസ്ഥരാണ് ഒാർത്തഡോക്‌സ് വിഭാഗം. എന്നാൽ, ഒരു മുന്നണിയോടും കൂറു വേണ്ടെന്ന നിലപാടാണ് ഇതുവരെ അവർ സ്വീകരിച്ചിരിക്കുന്നത്.
ശബരിമല വിഷയം സജീവമാക്കി നിറുത്തിക്കൊണ്ടുള്ള പ്രചാരണത്തിനാണ് എൻ.ഡി.എ നീക്കം. ലഘുലേഖകളുമായി സംഘപരിവാറും ശബരിമല കർമ്മ സമിതിയും എൻ.ഡി.എയ്‌ക്ക് സമാന്തരമായി വീടുകൾ കയറിയുളള പ്രചാരണം നടത്തുന്നു. എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അവർ നേരിട്ടു പറയുന്നില്ല. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും രാഷ്ട്രീയപാർട്ടികളും സ്വീകരിച്ച നിലപാടുകൾ വിശദീകരിക്കുകയാണ് അവർ. ഇത് ഫലത്തിൽ എൻ.ഡി.എയ്ക്ക് അനുകൂലമാണ്.
മണ്ഡലത്തിലെ ജനസംഖ്യയിൽ 64 ശതമാനം ഹിന്ദുക്കളാണ്. ശബരിമല വിഷയം ചർച്ചയാക്കി വോട്ടു ധ്രുവീകരിക്കാനുളള സംഘപരിവാർ നീക്കം പ്രതിരോധിക്കാൻ, വർഗീയ കാർഡിന് എതിരെ ഇടതു- വലതു മുന്നണികൾ മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രചാരണം ശക്തമാക്കും.
ഇൗഴവ സമുദായ അംഗമായ കെ.സുരേന്ദ്രനെ രംഗത്തിറക്കിയതിലൂടെ എസ്.എൻ.ഡി.പിയെയും, ശബരിമല സമരത്തിൽ പിന്തുണ നൽകിയ എൻ.എസ്.എസിനെയും ഒപ്പം നിർത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. സഖ്യ കക്ഷിയായ ബി.ഡി.ജെ.എസിന് മണ്ഡലത്തിൽ ശക്തമായ സ്വാധീനവുമുണ്ട്.
മണ്ഡലത്തിലെ സാമുദായിക പ്രാതിനിധ്യം ശതമാന കണക്കിൽ
ക്രിസ്ത്യൻ: 30
ഇൗഴവ: 27
നായർ: 24
എസ്.സി, എസ്.ടി: 13
മുസ്ളീം: 5
മറ്റുളളവർ: 1
പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ സ്ഥാനാർത്ഥി സംഗമത്തിൽ ആന്റോ ആന്റണി,കെ.സുരേന്ദ്രൻ,വീണാ ജോർജ് എന്നിവർ