image

പത്തനംതിട്ട : തിരഞ്ഞെടുപ്പിന്റെ തിരക്കിൽ വിപണിയും പ്രചാരണ സാമഗ്രികളാൽ സജീവമാണ്. പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത കൊടിക്കൂറയും തോരണവും തൊപ്പിയും വിപണിയിൽ റെഡി. ചൂട് അധികമായതിനാൽ തൊപ്പിക്ക് നല്ല വിൽപനയുണ്ട്. പൂക്കടകളിലും പലചരക്ക് കടകളിലുമെല്ലാം ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത് ഇവയാണ്. പ്ലാസ്റ്റിക് രഹിതമാകണമെന്ന് നി‌ർദേശമുള്ളതിനാലും ഫ്ലക്സും മറ്റ് പോസ്റ്ററുകളും നിരോധിച്ചതിനാലും ഇപ്പോൾ ഇവയ്ക്കാണ് ആവശ്യക്കാർ എന്ന് കച്ചവടക്കാർ പറയുന്നു. വലിയ മുടക്കുമുതലുള്ള കാര്യമല്ലെങ്കിലും എറണാകുളം ജില്ലയിൽ നിന്നാണ് ഇവയെത്തുന്നത്. തുണി സഞ്ചികൾക്ക് ഉപയോഗിക്കുന്ന അതേ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് കൊടിക്കൂറയും തൊപ്പിയും നിർമ്മിച്ചിരിക്കുന്നത്. ഒരു ബൈക്ക് റാലിയും റോഡ് ഷോയും നടന്നാൽ കച്ചവടം പൊടിപൊടിക്കും. കൊടിക്കൂറയ്ക്ക് നാൽപ്പത് രൂപയും തൊപ്പിക്ക് ഇരുപത് രൂപയുമാണ് വില.