angadickal-thekku-nalusen

കൊടുമൺ പഞ്ചായത്ത് നാലാം വാർഡിൽ

ചെറുകിട കുടിവെള്ള പദ്ധതി നശിക്കുന്നു

കൊടുമൺ: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നാലുസെന്റ് കോളനിയിലുള്ള ശുദ്ധജലവിതരണ പദ്ധതിയിൽ ഇഷ്ടം പോലെ വെള്ളം ഉണ്ട്. എന്നാൽ ഒരു തുള്ളി പോലും ഉപയോഗിക്കാനാകുന്നില്ല. കാൽ നൂറ്റാണ്ടു മുമ്പ് ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കത്തിൽ എട്ട് ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി നടപ്പാക്കിയത്. പാണൂർ മുരുപ്പിന്റെ താഴ്​വരയിൽ ഒരിക്കലും വറ്റാത്ത നീരുറവയുള്ള സ്ഥലത്ത് കിണർ കുഴിച്ച് ജലവിതരണ പൈപ്പുകളും സംഭരണിയും പമ്പ് ഹൗസും സ്ഥാപിക്കുകയായിരുന്നു. എന്നാൽ നിർമാണത്തിലെ സാങ്കേതികപിഴവ് കാരണം ഒരു തുള്ളി പോലും വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ഗ്രാമപഞ്ചായത്തിൽ മാറിമാറിവന്ന ഭരണസമിതികളും പദ്ധതി പുനരുജ്ജീവിപ്പിക്കാതെ കൈയൊഴിഞ്ഞു. ഈ പ്രദേശത്ത് ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമല്ല. വല്ലപ്പോഴും കിട്ടുന്ന വെള്ളം കലങ്ങിയതും കുടിക്കാൻ യോഗ്യവുമല്ല. നാലുസെന്റ് കോളനിയിലെ മാലിന്യം തള്ളുന്ന ഇടമായി കിണർ മാറി. പമ്പ് ഹൗസും മോട്ടോറും നോക്കുകുത്തിയാണ്. ഇപ്പോഴും കിണറ്റിൽ 12 അടിയിലേറെ വെള്ളമുണ്ട്. ഈ കിണർ ശുദ്ധീകരിച്ച് പ്രദേശത്ത് ശുദ്ധജലം എത്തിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അധികൃതർ അലംഭാവം തുടരുകയാണ്.

പദ്ധതിയുടെ ദുർഗതി പലതവണ ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ല.

വിനി ആനന്ദ്, വാർഡ് അംഗം

ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കും

കിണർ ശുദ്ധീകരിച്ച് വെള്ളം പമ്പ് ചെയ്ത് സംഭരണിയിൽ എത്തിച്ച് കുടിവെള്ളം പ്രദേശത്ത് എത്തിക്കുന്നതിന് സാങ്കേതികവും പ്രായോഗികവുമായ പ്രശ്​നങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കും. പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തും.

കുഞ്ഞന്നാമ്മക്കുഞ്ഞ്

പഞ്ചായത്ത് പ്രസിഡന്റ്