തിരുവല്ല: തിരുമൂലവിലാസം യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ 2.30ന് കർദ്ദിനാൾ ക്ലിമ്മീസ് കത്തോലിക്കാ ബാവ നിർവ്വഹിക്കും. ബഥനി സന്യാസിനി സമൂഹം മദർ ജനറൽ മദർ ലിറ്റിൽ ഫ്‌ളവർ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഒരു വർഷത്തെ കർമ്മ പരിപാടികളുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിക്കും. നഗരസഭാ ചെയർമാൻ ചെറിയാൻ പോളചിറയ്ക്കൽ ലോഗോ പ്രകാശനം നിർവ്വഹിക്കും. പ്രധാനാദ്ധ്യാപിക സിസ്റ്റർ ലിനറ്റ്, വാർഡ് കൗൺസിലർ നാൻസി തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപാദ്ധ്യക്ഷൻ പി.എ.ശാന്തമ്മ, പി.ടി.എ പ്രസിഡന്റ് പി.ബി.ഹരിലാൽ, ഫാ.സേവേറിയോസ് തോമസ്, ടി.എ.റെജികുമാർ, മാത്യു അലക്‌സാണ്ടർ, സിസ്റ്റർ ലിനറ്റ്, സിസ്റ്റർ ഷാരോൺ, എന്നിവർ പ്രസംഗിക്കും. കത്തോലിക്കാ സഭയിലെ മാർ ഇവാനിയോസിന്റെ നേതൃത്വത്തിലാണ് 1920ൽ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. നല്ലിടയൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയം പിന്നീട് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ബഹുമാനാർഥം ശ്രീമൂലവിലാസം യു.പി സ്‌കൂളായി നാമകരണം ചെയ്തു. ഇപ്പോൾ 634 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്നും ജനറൽ കൺവീനർ സിസ്റ്റർ ഷാരോൺ, കൺവീനർ സിസ്റ്റർ ലീനസ്, അദ്ധ്യാപിക അനു ലൂക്കോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.