.....ആറുമാസമായി വെളളമില്ല, വാട്ടർ അതോറിറ്റിയുടെ ബില്ല് മുടങ്ങാതെ എത്തുന്നു
പളളിക്കൽ: പളളിക്കൽ പഞ്ചായത്തിലെ ആലുംമൂട് അംഗൻവാടിയിൽ ആറുമാസത്തിലേറെയായി വെളളം കിട്ടുന്നില്ല. എന്നാൽ, വാട്ടർ അതോറിറ്റിയുടെ 495 രൂപയുടെ ബില്ല് കൃത്യമായി എത്തുന്നുണ്ട്. ബില്ല് അടച്ചില്ലെങ്കിൽ കുടിവെളള കണക്ഷൻ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ മുന്നറിയിപ്പും നൽകാറുണ്ട്.
പുളളിപ്പാറ കുടിവെളള പദ്ധതിയിൽ നിന്നാണ് അംഗൻവാടിയിലേക്ക് പൈപ്പ് വഴി വെളളമെത്തിക്കുന്നത്. തുരുമ്പെടുത്ത് പൊട്ടിയ പൈപ്പിലെ ചോർച്ച കാരണം അംഗൻവാടിയിലേക്ക് വെളളം എത്തുന്നില്ല. ഇക്കാര്യം അടൂർ വാട്ടർ അതോറിറ്റി ഒാഫീസിൽ പല തവണ അറിയിച്ചതാണ്. പമ്പ് ഹൗസ് ഒാപ്പറേറ്ററുടെയും പ്ളംബറുടെയും ഫോൺ നമ്പർ നൽകി വാട്ടർ അതോറിറ്റി കൈയൊഴിഞ്ഞു. ഒാപ്പറേറ്ററെ വിളിച്ചാൽ കിട്ടുന്നില്ല. താൻ പണി ഒഴിഞ്ഞു പോയതാണെന്ന് പ്ളംബറുടെ മറുപടി. തുരുമ്പെടുത്ത പൈപ്പിന് പകരം പുതിയ പൈപ്പിടേണ്ട വാട്ടർ അതോറിറ്റിയാണ് കുഞ്ഞുങ്ങൾക്കുളള വെളളം മുടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ രക്ഷിതാക്കളെ ഏൽപ്പിച്ച് അംഗൻവാടി ടീച്ചർ അടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് വെളളം കോരിക്കൊണ്ടു വന്നാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. 22 കുട്ടികളാണ് അംഗൻവാടിയിൽ പഠിക്കുന്നത്. മുപ്പതു വർഷത്തിലേറെയായി നല്ല നിലയിൽ പ്രവർത്തിക്കുന്നതാണ് അംഗൻവാടി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം അംഗൻവാടിയുടെ പ്രവർത്തനം താറുമാറാകുന്ന സ്ഥിതിയാണുളളത്.
....
'' കുടിവെളള പൈപ്പ് ലൈൻ നന്നാക്കാൻ നടപടി എടുക്കണം. ഇല്ലെങ്കിൽ കുട്ടികളുടെ രക്ഷിതാക്കളുമായി വാട്ടർ അതോറിറ്റി ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
അനു, പ്രദേശവാസി.