prakash-bau

റാന്നി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട കോഴിക്കോട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തു. ശബരിമല ചിത്തിര ആട്ടവിശേഷ ദിനത്തിൽ മല കയറാനെത്തിയ സ്ത്രീകളെ തടഞ്ഞതിനായിരുന്നു കേസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാമ്യം തേടുന്നതിനുവേണ്ടി ഇന്നലെ പമ്പ പൊലീസ് സ്റ്റേഷനിൽ അദ്ദേഹം കീഴടങ്ങുകയായിരുന്നു. തുടർന്ന് റാന്നി ജുഡിഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കൊട്ടാരക്കര സബ്‌ജയിലിൽ റിമാൻഡു ചെയ്തു. തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണം ഏപ്രിൽ 4 വരെയാണ്. അടുത്ത മാസം 12 വരെയാണ് പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ ജാമ്യം കിട്ടിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഏജന്റ് മുഖേനയേ പത്രിക സമർപ്പിക്കാൻ കഴിയൂ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ സമരപരിപാടികളിൽ പ്രകാശ് ബാബു മുൻപന്തിയിലുണ്ടാ​യിരുന്നു. പ്രകാശ് ബാബു ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.